ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, April 29, 2016

സര്‍ഗ്ഗാത്മകക്ലാസുമുറിയിലേക്കുള്ള 10 പടവുകള്‍


1.ക്ലാസുമുറി കുട്ടികളുടെ ആത്മാവിഷ്ക്കാരത്തിനുള്ള(self expression) സാധ്യതകള്‍ തുറന്നിടണം

  എല്ലാ കുട്ടികള്‍ക്കും സ്വയം ആവിഷ്ക്കരിക്കാനുള്ള ആഗ്രഹമുണ്ടാകും.അത് ശിശുസഹജമാണ്.വ്യക്തിഗതമായോ സംഘമായോ ആകാം ഈ ആവിഷ്ക്കാരങ്ങള്‍.പക്ഷേ,അതു പഠനത്തില്‍ പ്രധാനമാണ്.അതിനുള്ള അവസരങ്ങള്‍ നല്‍കാത്തതുകൊണ്ടാണ് കുട്ടികളുടെ മനസ്സ് പലപ്പോഴും അസ്വസ്ഥമാകുന്നത്.ക്ലാസിലെ അച്ചടക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം ഇതാണ്. ആവിഷ്കാരം ചിത്രത്തിലൂടെയോ നാടകത്തിലൂടെയോ പാട്ടിലൂടെയോ കളിയിലൂടെയോ നിര്‍മ്മാണ പ്രവര്‍ത്തനത്തിലൂടെയോ ആകാം. വ്യത്യസ്തമായ രീതിയില്‍ ഒരു പരീക്ഷണം ആസൂത്രണം ചെയ്യുന്നതും പ്രശ്നപരിഹരണത്തിലേക്കുള്ള വഴികള്‍ കണ്ടെത്തുന്നതും മൗലികമായ എഴുത്തും സര്‍ഗാത്മകമായ ആവിഷ്കാരങ്ങളാണ്. പഠനപ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനത്ത് കുട്ടികളെ പ്രതിഷ്ഠിക്കുമ്പോഴാണ്  ഇതു സാധ്യമാകുന്നത്.കുട്ടികളുടെ ആവിഷ്ക്കാരങ്ങള്‍ പഠന ലക്ഷ്യങ്ങളുമായി ഉദ്ഗ്രഥിച്ചു കൊണ്ടായിരിക്കണം ചെയ്യേണ്ടത്.‌


2.കുട്ടികളുടെ സ്വതന്ത്രചിന്തയെ പരിപോഷിപ്പിക്കുന്നതായിരിക്കണം  ക്ലാസിലെ പഠനപ്രക്രിയ


 ചില  നേരങ്ങളില്‍ ക്ലാസുമുറിയിലെ കുട്ടികളുടെ പ്രതികരണങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്.മൗലികവും വ്യത്യസ്തവുമായ ചിന്തകള്‍ അവരുടെ മനസ്സില്‍ മുളപൊട്ടുന്നതു കാണാം.വ്യതിരിക്ത ചിന്തകളെ ഉണര്‍ത്താന്‍ പാകത്തില്‍ കുട്ടികള്‍ക്കുമുന്നില്‍ പഠനപ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ് അവര്‍ പഠനത്തില്‍ സജീവമാകുന്നത്.പ്രശ്നപരിഹരണത്തിനുള്ള വൈവിധ്യമാര്‍ന്ന വഴികള്‍ കണ്ടെത്താനും അവതരിപ്പിക്കാനും സര്‍ഗാത്മക ക്ലാസുമുറി  കുട്ടികള്‍ക്ക് അവസരം നല്‍കുന്നു. ക്ലാസില്‍ കുട്ടികള്‍ ഒരുതരത്തിലുള്ള തടസ്സങ്ങളും(inhibitions) അനുഭവിക്കുന്നില്ലെന്ന് ടീച്ചര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. നിര്‍ഭയമായ
അന്തരീക്ഷത്തില്‍ മാത്രമേ കുട്ടികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രതികരിക്കാനും കഴിയൂ.താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ കുട്ടികള്‍ ചിന്തിക്കണമെന്ന് ടീച്ചര്‍ വാശിപിടിക്കുന്നിടത്താണ് സര്‍ഗാത്മകത കശാപ്പുചെയ്യപ്പെടുക.


3.ഗ്രേഡുകള്‍ നല്‍കാം;ഒപ്പം ഫീഡ്ബാക്കുകള്‍ കൂടി നല്‍കണം


കേവലമായ ഗ്രേഡുകള്‍ കൊണ്ട് കാര്യമില്ല.ഫീഡ്ബാക്കുകള്‍ നല്‍കുമ്പോഴാണ് തന്റെ പോരായ്മകളും മെച്ചങ്ങളും തിരിച്ചറിഞ്ഞ് കുട്ടിക്ക് സ്വയം മുന്നേറാന്‍ കഴിയുക.ഫീഡ്ബാക്കുകള്‍  കുട്ടികളുടെ ചിന്തകളെ കൂടുതല്‍ തെളിച്ചമുള്ളതാക്കും.ടീച്ചര്‍ നല്‍കുന്ന ഫീഡ്ബാക്കുകള്‍ ആകാം.കുട്ടികള്‍ പരസ്പരം നല്‍കുന്നതുമാകാം.കടുത്ത മത്സരത്തിന്റെ അന്തരീക്ഷം കുട്ടികളില്‍ മാനസിക സമ്മര്‍ദം ഉണ്ടാക്കും.അത് കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകളെ മുളയിലേ നുള്ളിക്കളയും.

4.ഉത്പന്ന (product)ത്തോടൊപ്പം പഠനപ്രക്രിയയ്ക്കും(learning process) പ്രാധാന്യം നല്‍കണം


പഠനപ്രക്രിയയ്ക്ക് പ്രാധാന്യം നല്കുമ്പോഴാണ് കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വികസിക്കുന്നത്.അവരുടെ ആത്മാവിഷ്ക്കാരത്തിനുള്ള സാധ്യതകള്‍  തുറന്നിടുന്നതായിരിക്കണം പഠനപ്രക്രിയ.കുട്ടികളുടെ വ്യതിരിക്തമായ ചിന്തകളും തീരുമാനങ്ങളും കാഴ്ചപ്പാടുകളും
രൂപപ്പെടുന്നത് പഠനപ്രക്രിയയ്ക്കിടയിലാണ്.നിരന്തരവിലയിരുത്തലിലൂടെ ഇത് വേണ്ട രീതിയില്‍ വിലയിരുത്തിക്കൊണ്ടും  കുട്ടികള്‍ക്കാവശ്യമായ കൈത്താങ്ങ്  നല്‍കിക്കൊണ്ടുമായിരിക്കും സര്‍ഗാത്മക ക്ലാസുമുറി അതിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകുക.  

 

5.പഠനതന്ത്രങ്ങള്‍ക്ക് കുട്ടികളെ പ്രചോദിപ്പിക്കാന്‍(stimulate) കഴിയണം


വൈവിധ്യമാര്‍ന്ന പഠനതന്ത്രങ്ങള്‍ ക്ലാസുമുറിയില്‍ ഉപയോഗിക്കുമ്പോഴാണ് കുട്ടികള്‍ stimulate ചെയ്യപ്പെടുക. ചിത്രങ്ങള്‍,വീഡിയോ ക്ലിപ്പിങ്ങുകള്‍,ശബ്ദങ്ങള്‍,സംഗീതം,വിവിധതരം പ്രോപ്പുകള്‍,ശാരീരിക ചലനങ്ങള്‍
എന്നിവയൊക്കെ ഉപയോഗിക്കാം.പഠിപ്പിക്കുന്ന വിഷയം ഏതുമായിക്കൊള്ളട്ടെ.ഇവയുടെ ഉപയോഗം കുട്ടികളുടെ ചിന്തയെ ഉണര്‍ത്തും.പഠനപ്രശ്നം അവര്‍ ഉത്സാഹത്തോടെ ഏറ്റെടുക്കും.പ്രശ്നപരിഹരണത്തിനുള്ള മൗലികമായ ചിന്ത അവരില്‍ മുളപൊട്ടും.


6.ടീച്ചര്‍ കുട്ടികള്‍ക്കുമുന്നില്‍ demonstrate ചെയ്യരുത്


 കുട്ടി ഒരു മരം വരയ്ക്കുന്നതിനിടയില്‍ 'മരം ഇങ്ങനെയാണോ വരക്കുന്നത്?ഇങ്ങനെയല്ലേ?' എന്നു ചോദിച്ചുകൊണ്ട്  മരം ബോര്‍ഡില്‍ വരച്ചുകാണിക്കുന്നവരുണ്ട്.'പൂമ്പാറ്റ ഇങ്ങനെയാണോ പറക്കുക?' എന്നുചോദിച്ചുകൊണ്ട് പൂമ്പാറ്റയുടെ ചലനങ്ങള്‍ കാണിച്ചുകൊടുക്കുന്നവരുണ്ട്.ഇങ്ങനെയുള്ള
പ്രവൃത്തി കുട്ടികളുടെ സര്‍ഗാത്മക ചിന്തയെ ഇല്ലാതാക്കും.എന്തും കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് കാണിച്ചുകൊടുക്കാനുള്ള ത്വര അധ്യാപകര്‍ക്ക് പൊതുവെ ഉള്ളതാണ്.ഒരു പക്ഷേ,നമ്മളൊക്കെ അറിയാതെ ചെയ്തുപോകുന്നതാണത്.അത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

7.കുട്ടികള്‍ വരുത്തുന്ന തെറ്റുകളെ അനുഭാവപൂര്‍വ്വം പരിഗണിക്കണം


കുട്ടികള്‍ വരുത്തുന്ന തെറ്റുകള്‍ പഠനം നടക്കുന്നു എന്നതിന്റെ തെളിവുകളാണ്.തെറ്റുകളെ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തുന്ന അധ്യാപകന്‍  അതിനെ നിഷേധാത്മകമായി സമീപിക്കുകയാണ് ചെയ്യുന്നത്.അത് കുട്ടികളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കും.ഗുണാത്മകമായ ഫീഡ്ബാക്ക് നല്‍കുന്നതിലൂടെ തെറ്റ് സ്വയം കണ്ടെത്താനും തിരുത്തി മുന്നേറാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്.

 

 8.ക്ലാസില്‍ ടീച്ചര്‍ കുട്ടികളുടെ സംസാരത്തിന് കാതോര്‍ക്കണം


ടീച്ചറുടെ സംസാരം മാത്രം ഉയര്‍ന്നു കേള്‍ക്കുന്ന ക്ലാസുമുറി സര്‍ഗാത്മകതയുടെ ശവപ്പറമ്പായിരിക്കും.അവിടെ കുട്ടികള്‍ സംസാരിക്കുന്നത് ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മാത്രമായിരിക്കും.ടീച്ചറുടെ വലിയ ശബ്ദം കുഞ്ഞുങ്ങളുടെ നേര്‍ത്ത ശബ്ദത്തെ പതിയെ ഇല്ലാതാക്കും.കുട്ടികളുടെ വായ മൂടിക്കെട്ടിയ ഒരു
ക്ലാസുമുറിയില്‍ എങ്ങനെയാണ് പഠനം നടക്കുക?അവിടെ സര്‍ഗാത്മകതയുടെ വിത്തുകള്‍ എങ്ങനെയാണ് മുളപൊട്ടുക?കുട്ടികള്‍ക്ക് പരസ്പരം സംസാരിക്കാന്‍ കഴിയണം.അതിന് ടീച്ചര്‍ കാതോര്‍ക്കണം. ടീച്ചര്‍ കുട്ടികളുമായും നിരന്തരം സംസാരിച്ചുകൊണ്ടിരിക്കണം.

 

9.ക്ലാസുമുറിയുടെ പരമ്പരാഗത ഘടനയെ മാറ്റിത്തീര്‍ക്കണം


പരമ്പരാഗത ഘടനയിലുള്ള ഒരു ക്ലാസുമുറി സര്‍ഗാത്മക പ്രവര്‍ത്തനത്തിനു വിലങ്ങുതടിയാകും.അവിടെ കുട്ടികള്‍ക്ക് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഇരിപ്പിടത്തില്‍ അധ്യയന സമയം മുഴുക്കെ കുട്ടി ഇരുന്നിരിക്കാന്‍ ബാധ്യസ്ഥനാണ്.സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമായി കരുതപ്പെടും.എന്നാല്‍ സര്‍ഗാത്മക ക്ലാസുമുറിയില്‍ കുട്ടികള്‍ക്ക് ചലന സ്വാതന്ത്ര്യം ഉണ്ടായിരിക്കും.ക്ലാസുമുറിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുന്ന രീതിയില്‍
ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാന്‍ അതിനു കഴിയും.ചിലനേരങ്ങളില്‍ അത് ഇരിപ്പിടങ്ങളെ പഠനോപകരണങ്ങളാക്കി മാറ്റും.ക്ലാസുമുറിയില്‍ പ്രോപ്പുകളുടെ വലിയ ശേഖരം സൂക്ഷിച്ചിരിക്കും.കുട്ടികളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം അവിടെ ഒരുക്കണം.നിശ്ചലമായി നില്‍ക്കുന്ന ഒന്നാകരുത് ക്ലാസുമുറിയുടെ ഘടന.അത് നിരന്തരം മാറിക്കൊണ്ടിരിക്കണം.ഒപ്പം കുട്ടികളുടെ ഇരിപ്പിടങ്ങളും.എപ്പോഴും പുതുമ നിലനിര്‍ത്തിക്കൊണ്ടിരിക്കാന്‍ ക്ലാസുമുറിക്ക്  കഴിയണം. 

 

10.ക്ലാസുമുറിയെ പുറംലോകവുമായി ബന്ധിപ്പിക്കണം


ക്ലാസുമുറിയില്‍ നിന്നും കുട്ടികള്‍ക്ക്  പുറത്തുപോകാനുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കണം.വിദ്യാലയ പരിസരത്തെ അവര്‍ കണ്ടറിയണം.അവിടത്തെ കൃഷിയിടങ്ങള്‍,തൊഴിലിടങ്ങള്‍,മനുഷ്യരുടെ ജീവിതം,പുഴകള്‍,കുന്നുകള്‍,ജലാശയങ്ങള്‍ എന്നിവയൊക്കെ കണ്ടും അറിഞ്ഞും മനസ്സിലാക്കണം.നാടിന്റെ ചരിത്രം അറിയണം.കൃഷിക്കാരേയും തൊഴിലാളികളേയും സാമൂഹ്യപ്രവര്‍ത്തകരേയും ക്ലാസുമുറികളിലേക്കു ക്ഷണിക്കണം.അവരുമായി സംവദിക്കണം.ക്ലാസുമുറിയുടെ വാതായനങ്ങള്‍ കൂടുതല്‍ വിശാലമായ ലോകത്തേക്ക് തുറക്കുമ്പോഴാണ്  അവരുടെ ചിന്തകള്‍ക്ക് ചിറക് മുളയ്ക്കുക.കുട്ടികള്‍  ഭാവി ലോകത്തെക്കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങുക.
 

Wednesday, April 20, 2016

അവനെ പഠിപ്പിക്കുക,ഒരു നല്ല മനുഷ്യനാകാന്‍...


(എബ്രഹാം ലിങ്കണ്‍ മകന്‍ പഠിക്കുന്ന സ്ക്കൂളിന്റെ ഹെഡ്മാസ്റ്റര്‍ക്ക് അയച്ച കത്ത്.)

അവനെ പഠിപ്പിക്കുക,ഏതൊരു ശത്രുവിനുള്ളിലും ഒരു മിത്രമുണ്ട് എന്ന്.

സമയമെടുത്തേക്കും എന്നെനിക്കറിയാം,എങ്കിലും നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അവനെ പഠിപ്പിക്കുക.കളഞ്ഞുകിട്ടുന്ന അഞ്ചു ഡോളറിലും വിലയുണ്ട് അധ്വാനിച്ച് സമ്പാദിക്കുന്ന ഒരു ഡോളറിന് എന്ന്.

അവനെ പഠിപ്പിക്കുക,തോല്‍വികളെ അഭിമുഖീകരിക്കാന്‍, വിജയങ്ങള്‍ ആസ്വദിക്കാനും.


നിങ്ങള്‍ക്ക് കഴിയുമെങ്കില്‍,അസൂയ എന്ന വികാരത്തില്‍ നിന്നും അവനെ അകറ്റി നിര്‍ത്തുക.

അവനെ പഠിപ്പിക്കുക,പ്രശാന്തമായ ചിരിയുടെ രഹസ്യം.തന്നെക്കാള്‍ ദുര്‍ബലരായവരെ പേടിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരെയാണ് മെരുക്കാന്‍ ഏറ്റവും എളുപ്പമെന്ന്  മനസ്സിലാക്കാന്‍ അവന് അവസരമുണ്ടാക്കുക.


അവനെ പഠിപ്പിക്കുക,പുസ്തകങ്ങളുടെ അത്ഭുതലോകത്തെപ്പറ്റി.ഒപ്പം,പക്ഷികളും പ്രാണികളും പൂവുകളുമെല്ലാമടങ്ങിയ പ്രപഞ്ചത്തിന്റെ നിതാന്ത വിസ്മയത്തെക്കുറിച്ച് ചിന്തിക്കാന്‍ അനുവദിക്കുകയും ചെയ്യുക.

അവനെ പഠിപ്പിക്കുക,നേരല്ലാത്ത വഴികളിലൂടെയുള്ള വിജയങ്ങളേക്കാള്‍ തോല്‍വിയാണ് കൂടുതല്‍ ആദരിക്കപ്പെടുക എന്ന്.
അവനെ പഠിപ്പിക്കുക,മറ്റുള്ളവരെല്ലാം തള്ളിപ്പറഞ്ഞാലും സ്വന്തം ആശയങ്ങളില്‍ വിശ്വാസമുള്ളവനായിരിക്കാന്‍.
അവനെ പഠിപ്പിക്കുക,മാന്യന്മാരോട് മാന്യമായിരിക്കാന്‍;പരുക്കന്മാരോട് പരുക്കനായിരിക്കാനും.


കുഴലൂത്തിനു പിന്നാലെ നടക്കുന്ന ജനക്കൂട്ടത്തെ പിന്തുടരാതിരിക്കാനുള്ള കരുത്ത് എന്റെ മകന് പകര്‍ന്ന് കൊടുക്കാന്‍ ശ്രമിക്കുക.

എല്ലാവരുടേയും വാക്കുകള്‍ക്ക് ചെവികൊടുക്കാനും അവയില്‍ നിന്ന് സത്യത്തിന്റെ അരിപ്പയിലൂടെ ചേറിക്കിട്ടുന്ന നല്ലതു മാത്രം കൈക്കൊള്ളാനും അവനെ പഠിപ്പിക്കുക.

അവനെ പഠിപ്പിക്കുക,ദുഖിതനായിരിക്കുമ്പോഴും എങ്ങനെ ചിരിക്കണമെന്ന്;കണ്ണീരില്‍ ഒട്ടും ലജ്ജ തോന്നേണ്ടതില്ലെന്ന്.


അവനെ പഠിപ്പിക്കുക,ദോഷൈകദൃക്കുകളെ അവഗണിക്കാന്‍;അമിതമായ പുകഴ്ത്തലുകളെ കരുതിയിരിക്കാനും.

അവനെ പഠിപ്പിക്കുക,സ്വന്തം കരുത്തും ബുദ്ധിയും ഏറ്റവും മികച്ച ആവശ്യക്കാര്‍ക്കായി മാത്രം പ്രയോജനപ്പെടുത്താന്‍.ഒപ്പം ഹദയത്തിനും മനസ്സാക്ഷിക്കും ഒരിക്കലും വില പറയാതിരിക്കാനും.
ജനക്കൂട്ടത്തിന്റെ ബഹളത്തിനുനേരെ ചെവി അടച്ചുവെച്ച്,തനിക്ക് ശരിയെന്ന് തോന്നുന്നതിനൊപ്പം നില്‍ക്കാനും അതിനുവേണ്ടി പൊരുതാനും അവനെ പഠിപ്പിക്കുക.


അവനോട് മാന്യമായി ഇടപെടുക,പക്ഷേ, ആശ്ലേഷിക്കാതിരിക്കുക.അഗ്നിപരീക്ഷണത്തെ അതിജീവിക്കുമ്പോഴാണല്ലോ യഥാര്‍ത്ഥ ഉരുക്ക് ഉണ്ടാവുന്നത്.

അക്ഷമനായിരിക്കുവാനുള്ള ധൈര്യം അവനുണ്ടാവാന്‍ അനുവദിക്കുക;ധൈര്യവാനായിരിക്കുവാനുള്ള ക്ഷമയുണ്ടാവാനും.

അവനെ പഠിപ്പിക്കുക,അവനവനില്‍ എപ്പോഴും ഉന്നതമായ വിശ്വാസം ഉണ്ടായിരിക്കുവാന്‍.എങ്കില്‍ മാത്രമേ അവനില്‍ മനുഷ്യസമൂഹത്തില്‍ വിശ്വാസം ഉണ്ടായിരിക്കുകയുള്ളു.


ഇത് ഒരു ഭാരിച്ച ചുമതലയാണ്;എങ്കിലും താങ്കള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നോക്കുക.....
എന്റെ മകന്‍,അവനൊരു കൊച്ചു മിടുക്കനാണ്.



Friday, April 8, 2016

ചുമരുകളില്‍ ജീവന്‍ തുടിക്കുമ്പോള്‍...


ഇന്നലെവരെ ഈ കെട്ടിടത്തിന് ജീവനുണ്ടായിരുന്നില്ല.ചുമരില്‍ ചിത്രങ്ങള്‍ നിറഞ്ഞതോടെ അതിന് ജീവന്‍ വെച്ചു.ആനയും മുയലും പൂക്കളും തുമ്പിയും പുഴയും മീനും  കിളികളും മുതലയും പാമ്പും പുഴുക്കളും... പ്രകൃതിയില്‍ നിന്നും കണ്ടെടുത്ത കുട്ടികളുടെ ഇഷ്ടകഥാപ്പാത്രങ്ങള്‍.ഇനി കുട്ടികള്‍ ചുമരിനടുത്തേക്ക് ഓടിയെത്തും.ഈ ചിത്രങ്ങളിലേക്ക് നോക്കി നില്‍ക്കും.ചുമരിലെ കഥാപ്പാത്രങ്ങളുമായി  അവര്‍ ഒറ്റക്കിരുന്ന് സംവദിക്കും.ഏകാന്തതയില്‍ അവര്‍ ഈ കഥാപ്പാത്രങ്ങള്‍ക്കൊപ്പം കളിക്കും.ഉറക്കത്തില്‍ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളിലേക്ക് അവരൊന്നൊന്നായി  ഇറങ്ങിവരും...

 സ്വന്തം വീടിനെപ്പോലെ കുഞ്ഞുങ്ങള്‍ വിദ്യാലയത്തേയും ഇഷ്ടപ്പെടണം.അവര്‍ വിദ്യാലയത്തിലേക്ക് ഓടിയെത്താന്‍ ആഗ്രഹിക്കണം.അതിന് വിദ്യാലയത്തന്റെ കെട്ടിടങ്ങള്‍ ആകര്‍ഷകമായിരിക്കണം.വിദ്യാലയത്തിനകത്ത് നിറയെ പച്ചപ്പ്
വേണം.  കുട്ടികള്‍ക്ക് കളിക്കാനും വിശ്രമിക്കാനുമുള്ള മരത്തണല്‍ വേണം.സ്ക്കൂള്‍ മുറ്റം മനോഹരമായ പൂന്തോട്ടംകൊണ്ട് അലംകൃതമായിരിക്കണം.അവരുടെ ഭാവനയെ ഉത്തേജിപ്പിക്കുന്നതരത്തിലുള്ള നിര്‍മ്മിതികള്‍ വേണം.വൃത്തിയുള്ള ടോയലറ്റുകള്‍ വേണം. എല്ലാത്തിനും മീതെ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഠനരീതിയും അധ്യാപകരും വേണം.


 പുല്ലൂര്‍ സ്ക്കൂളില്‍ അടുത്ത അധ്യയന വര്‍ഷത്തലേക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു.ഏപ്രില്‍ മാസം പൂര്‍ത്തിയാകുന്നതോടെ സ്ക്കൂളിലെ മുഴുവന്‍ കെട്ടിടങ്ങളും പെയിന്റ് ചെയ്ത് (അകവും പുറവും)ആകര്‍ഷകമാക്കുക,ടോയലറ്റുകള്‍ നവീകരിക്കുക,ഡൈനിങ്ങ് ഹാളിന്റെ പണി ആരംഭിക്കുക തുടങ്ങിയവയാണ് മുഖ്യ പ്രവര്‍ത്തനങ്ങള്‍.മെയ് മാസത്തില്‍ സ്ക്കൂള്‍ ലൈബ്രറി,സയന്‍സ് ലബോറട്ടറി എന്നിവ നവീകരിക്കലാണ് ലക്ഷ്യം.മദര്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ ബുക്ക് ബെന്റിങ്ങില്‍ അമ്മമാര്‍ക്കുള്ള പരീശിലനവും തുടര്‍ന്ന് സ്ക്കൂള്‍  ലൈബ്രറിയിലെ കേടുവന്ന പുസ്തകങ്ങളുടെ ബെന്റിങ്ങും നടക്കും.

എല്‍.പി. വിഭാഗത്തിലെ ഒരു ബ്ലോക്കിന്റെ പെയിന്റിങ്ങ് ജോലി ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു.അതിന്റെ ചുമരുകള്‍ ചിത്രം വരച്ച് ആകര്‍ഷകമാക്കുകയാണ് ആര്‍ട്ടിസ്റ്റുമാരായ സചീന്ദ്രന്‍ കാറടുക്കയും വിനോദ് അമ്പലത്തറയും.കുട്ടികള്‍ക്കുവേണ്ടിയുള്ള ചിത്രങ്ങള്‍ വരയ്ക്കാന്‍ അതിവിദഗ്ദരാണ് ഇരുവരും.സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ നിരവധി പുസ്തകങ്ങള്‍ക്ക് ഇല്ലസ്ട്രേഷന്‍ ചെയ്തിട്ടുണ്ട് സചീന്ദ്രന്‍.അദ്ദേഹം എഴുതി ഇല്ലസ്ട്രേഷന്‍ ചെയ്ത 'ജെ.സി.ബി.യുടെ കഥ' എന്ന പുസ്തകം ബാലസാഹിത്യ ഇന്‍സ്റ്റൂട്ടിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ്  നേടുകയുണ്ടായി.സചീന്ദ്രന്റെ വരയിലെ കുട്ടിത്തവും ഭാവവും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു.കുട്ടികളുടെ ജീവിതപരിസരവും ബാല്യകാലം നല്‍കുന്ന അളവറ്റ  സന്തോഷവും ഏകാന്ത ദുഃഖങ്ങളുമൊക്കെയാണ് സചീന്ദ്രന്റെ വരകളില്‍  നിറയുന്നത്.
 
 മികച്ച പെയിന്റിങ്ങിനുള്ള ഈ വര്‍ഷത്തെ കേരളാ ലളിതകലാ അക്കാദമി അവാര്‍ഡ് വിനോദ് അമ്പലത്തറയ്ക്കാണ്.വരകളുടെ ലാളിത്യമാണ് വിനോദിന്റെ ചിത്രങ്ങളുടെ മുഖമുദ്ര.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടവുമാണ്.

ഭാവനാസമ്പന്നരായ അധ്യാപികമാര്‍ക്ക് ചുമരിലെ ഈ ചിത്രങ്ങള്‍ വൈവിധ്യാമാര്‍ന്ന പഠനപ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്താം.കഥ കണ്ടെത്താനും വികസിപ്പിക്കാനും,കഥാപ്പാത്രങ്ങളുടെ ചിന്തകള്‍,ആത്മഭാഷണങ്ങള്‍ എന്നിവ കണ്ടെത്താന്‍,കഥയ്ക്ക് മുന്നേ,കഥയ്ക്കുശേഷം,കഥാപ്പാത്രങ്ങളുടെ സംഭാഷണങ്ങളെഴുതാന്‍,കഥാപ്പാത്രങ്ങളുടെ യാത്രാവിവരണം സങ്കല്‍പ്പിച്ചെഴുതാന്‍,കവിത രചിക്കാന്‍, വാങ്മയ ചിത്രങ്ങള്‍ രചിക്കാന്‍,വര്‍ണ്ണന തയ്യാറാക്കാന്‍......


മൈതാനത്തിലൂടെ നടന്നുപോവുകയായിരുന്നു ഒരമ്മയും കുഞ്ഞും.കുഞ്ഞ് അമ്മയുടെ കൈ പിടിച്ച് വലിക്കുകയാണ്. അവന് ചിത്രം വരയ്ക്കുന്നത് അടുത്തുനിന്ന് കാണണം.അവര്‍ കെട്ടിടത്തിന് അടുത്തേക്കുവന്നു.കുട്ടി ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ചേരാനുള്ളതാണെന്ന് അമ്മ പറഞ്ഞു.അവന്‍ അമ്മയുടെ ചെവിയില്‍ എന്തോ പറഞ്ഞു.

"മാഷേ,അവന്റെ ക്ലാസ് ഏതാണെന്നാണ് അവന്‍ ചോദിക്കുന്നത്."  അമ്മക്കിളിയുടേയും കുഞ്ഞിക്കിളിയുടേയും ചിത്രത്തിനു തൊട്ടടുള്ള  വാതിലിനു നേരെ ചൂണ്ടി ഞാന്‍ പറഞ്ഞു.
"ദാ,അതാണ് നിന്റെ ക്ലാസ്.”
അവന്‍ ചിത്രത്തിലേക്കു തന്നെ നോക്കി.അവന്റെ മുഖം സന്തോഷം കൊണ്ടു വിടര്‍ന്നു.
"എന്താ ഇഷ്ടായില്ലേ?”
അവന്‍ ഇഷ്ടപ്പെട്ടു എന്നര്‍ത്ഥത്തില്‍ തലയാട്ടി,ചിത്രത്തിലേക്ക് ഒരിക്കല്‍കൂടി തിരിഞ്ഞു നോക്കി അമ്മയോടൊപ്പം നടന്നകന്നു.
അമ്മക്കിളിയും കുഞ്ഞിക്കിളിയും കൂടുകെട്ടിയ വാതില്‍ തുറക്കുന്ന ഒന്നാം ക്ലാസ് അവന്റെ ഇനിയുള്ള സ്വപ്നത്തില്‍ നിറയുമായിരിക്കും...






Saturday, April 2, 2016

മരത്തണലില്‍ ഒരു ഇംഗ്ലീഷ് കൂടാരം


സ്ക്കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മരത്തണലില്‍ ഒരുക്കിയ ഇംഗ്ലീഷ് കൂടാരം രക്ഷിതാക്കളെ ഏറെ ആകര്‍ഷിക്കുകയുണ്ടായി.പ്രദര്‍ശനത്തിന്റെ ഉത്ഘാടനം പ്രശസ്ത സംഗീത അധ്യാപകന്‍ ശ്രീ.വെള്ളിക്കോത്ത് വിശ്ണുഭട്ട് നിര്‍വ്വഹിച്ചു.ഈ വര്‍ഷത്തെ ഇംഗ്ലീഷ് പഠനത്തിന്റെ ഭാഗമായി, ക്ലാസ് മുറിയില്‍ രൂപപ്പെട്ട ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനമായിരുന്നു ഇംഗ്ലീഷ് കൂടാരത്തില്‍ ഒരുക്കിയത്.ഒന്നാം ക്ലാസുമുതല്‍ ഏഴാം ക്ലാസുവരെയുള്ള കട്ടികളുടെ സര്‍ഗസൃഷ്ടികള്‍,കൈയെഴുത്ത് മാസികകള്‍,ബിഗ് ബുക്കുകള്‍,ചാര്‍ട്ടുകള്‍,ലൈബ്രറി പുസ്തകങ്ങള്‍ തുടങ്ങിയവയായിരുന്നു പ്രദര്‍ശിപ്പിച്ചത്.സന്ദര്‍ശക പുസ്തകത്തില്‍ ഒരു രക്ഷിതാവ് കുറിച്ചിട്ടത് ഇങ്ങനെ:

പൊതുവിദ്യാലയങ്ങളില്‍ ഇത്രയും നന്നായി ഇംഗ്ലീഷ് പഠനം നടക്കുന്നുണ്ടെന്ന്  തിരിച്ചറിയാന്‍ കഴിഞ്ഞത് ഇപ്പോഴാണ്.കുട്ടികളുടെ ഈ ഉത്പ്പന്നങ്ങള്‍ ക്ലാസില്‍ എന്തു നടന്നു എന്നുള്ളതിന്റെ നേര്‍ക്കാഴ്ചകളാണ്.കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിലയക്കുന്നവര്‍ തീര്‍ച്ചയായും ഇതു കാണണം...








Friday, April 1, 2016

നാടിന്റെ ഉത്സവമായി സ്ക്കൂള്‍ വാര്‍ഷികവും പ്രീ-പ്രൈമറി ഫെസ്റ്റും


മാര്‍ച്ച് 31 ന് നടന്ന  ഈ വര്‍ഷത്തെ സ്ക്കൂള്‍ വാര്‍ഷികവും പ്രീ-പ്രൈമറി ഫെസ്റ്റും വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.പ്രീ-പ്രൈമറിയിലെ  പിഞ്ചു കുഞ്ഞുങ്ങളും എല്‍.പി,യു.പി. ക്ലാസുകളിലെ കുട്ടികളും ഒരുക്കിയ കലാവിരുന്ന് ആസ്വദിക്കാന്‍ രക്ഷിതാക്കളും  നാട്ടുകാരും സ്ക്കൂളിലേക്ക് ഒഴുകിയെത്തുകയായിരുന്നു.


പ്രശസ്ത സംഗീത അധ്യാപകനായ ശ്രീ.വെള്ളിക്കോത്ത് വിഷ്ണുഭട്ട് ആയിരുന്നു പരിപാടി ഉത്ഘാടനം ചെയ്തത്.മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.വി.ഗീത അധ്യക്ഷത വഹിച്ചു.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.വി.ഗോപി സ്വാഗതം പറഞ്ഞു.UNHS പുല്ലൂരിലെ ഹെഡ്മാസ്റ്റര്‍ ശ്രീ.എം.എ.രാജു,ഗവ.ഐടിഐ പുല്ലൂരിലെ പ്രിന്‍സിപ്പാള്‍ ജയചന്ദ്രന്‍.പി.കെ.,പി.ടി.എ വൈസ് പ്രസിഡണ്ട്,ശ്രീമതി.ചന്ദ്രിക ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്റ്റാഫ് സിക്രട്ടറി ശ്രീ.രാജേഷ് മാസ്റ്റര്‍ നന്ദി പറഞ്ഞു.


 തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി.

വൈകുന്നേരം ചേര്‍ന്ന സമാപന സമ്മേളനം ബേക്കല്‍ ഉപജില്ലാ ഏ.ഇ.ഒ ശ്രീ രവിവര്‍മ്മന്‍ ഉത്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ശ്രീ.വി.രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.
ഈ വര്‍ഷം അക്കാദമിക കലാ-കായിക പ്രവര്‍ത്തനങ്ങളില്‍ മികവു തെളിയിച്ച ഏതാണ്ട് 170 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഏ.ഇ.ഒ ശ്രീ രവിവര്‍മ്മന്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.











കുട്ടികളുടെ കരാട്ടെ പ്രകടനം



ഏഴാം ക്ലാസുകാരുടെ ഇംഗ്ലീഷ് ഡ്രാമ





ദഫ് മുട്ട്


ഗ്രൂപ്പ് ഡാന്‍സ്




ഇംഗ്ലീഷ് പെസ്റ്റുമായി ബന്ധപ്പെട്ട് ക്ലാസുമുറിയില്‍ രൂപപ്പെട്ട ഉത്പ്പന്നങ്ങള്‍ മരത്തണലില്‍ പ്രത്യേക കൂടാരമൊരുക്കി പ്രദര്‍ശിപ്പിച്ചു.ഇത് രക്ഷിതാക്കളെ ഏറെ ആകര്‍ഷിച്ചു.




പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും വിഭവ സമൃദ്ധമായ സദ്യ