ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Wednesday, May 31, 2017

Tuesday, May 30, 2017

ഒന്നാംക്ലാസുകാരെ വരവേല്‍ക്കാന്‍….


ഇന്ന് എല്ലാവരും സ്ക്കൂളില്‍ ഒത്തുചേര്‍ന്നു. പ്രവേശനോത്സവത്തിനുള്ള ഒരുക്കത്തിലാണ് അധ്യാപികമാരും അമ്മമാരും.നവാഗതരെ സ്വീകരിക്കാനായി ചിത്രങ്ങളും കട്ടൗട്ടുകളും മുഖംമൂടികളും ബാഡ്ജുകളും മറ്റും തയ്യാറാക്കി. ഓരോരുത്തരുടേയും കലാവിരുത് പ്രകടമായി ഈ കൂട്ടായ്മയില്‍.
ഒന്നാം ക്ലാസിലേക്ക് 80കുട്ടികള്‍ ഇതുവരെയായി ചേര്‍ന്നു.കഴിഞ്ഞ വര്‍ഷം ഇത് 52 കുട്ടികളായിരുന്നു.രക്ഷിതാക്കള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് ഏറെ ആഹ്ളാദിപ്പിക്കുന്നു.







 


Thursday, May 25, 2017

പ്രവേശനകവാടത്തിന് ഒന്നരലക്ഷം രൂപ സംഭാവന വാഗ്ദാനം ചെയ്ത് ചന്തുമണിയാണിമാസ്റററുടെ കുടുംബം


പുല്ലൂര്‍ സ്ക്കൂളിന് പുതിയ പ്രവേശനകവാടം ഒരുങ്ങുന്നു.സ്ക്കൂളില്‍ നിരവധി വര്‍ഷം ഹെഡ്മാസ്റ്ററായി ‍സേവനമനുഷ്ഠിച്ച,അന്തരിച്ച ചന്തുമണിയാണി മാസ്റ്ററുടെ കുടുംബം
പ്രവേശന കവാടം നിര്‍മ്മിക്കാനായി ഒന്നരലക്ഷം രൂപ സംഭാവന സംഭാവന വാഗ്ദാനം ചെയ്തു.ഇതിന്റെ ആദ്യഘഡു 50,000രൂപ ചന്തുമണിയാണി മാസ്റ്ററുടെ ഭാര്യ ജാനകി അമ്മയില്‍ നിന്നും വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു ഏറ്റുവാങ്ങി.സ്ക്കൂള്‍ വികസന കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.നാരായണന്‍,പുല്ലൂര്‍പ്രാദേശിക വികസന കമ്മിറ്റി കണ്‍വീനര്‍ ശ്രീ.കൃഷ്ണന്‍,മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.വി.ഗീത,ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ശ്രീമതി.ചന്ദ്രിക എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

രണ്ടരലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്രവേശന കവാടത്തിന് ആവശ്യമായ ബാക്കി തുക സ്ററാഫ് കൗണ്‍സില്‍ സംഭാവനയായി നല്‍കും.

ജൂണ്‍ രണ്ടിന് സ്ക്കൂള്‍ പ്രവേശനകവാടത്തിന്റെയും ഈ വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങളുടേയും നിര്‍മ്മാണോദ്ഘാടനം ഉദുമ എംഎല്‍എ ശ്രീ.കെ.കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കും.



പുതിയ പ്രവേശനകവാടത്തിന്റെ മാതൃക


 

Saturday, May 20, 2017

ക്ലാസ് ലൈബ്രറികള്‍ കുട്ടികളെ വായനയിലേക്കു നയിക്കും


 ക്ലാസിലെ കുട്ടികള്‍ എപ്പോഴാണ് നല്ല വായനക്കാരാകുന്നത്?

വിദ്യാലയത്തിലെത്തുന്ന കുട്ടികള്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത് ക്ലാസുമുറിയിലാണ്.ക്ലാസുമുറിയിലെ അന്തരീക്ഷം കുട്ടികളെ സ്വാധീനിക്കും.അതിന്റെ ഭംഗി.അത് നല്‍കുന്ന സുരക്ഷിതത്വം.അതിലെ സൗകര്യങ്ങള്‍.കുട്ടികളുടെ സര്‍ഗസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍  സൗകര്യമുള്ള അതിന്റെ ചുവരുകള്‍. കുട്ടികള്‍ക്ക് എപ്പോഴും കാണാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ലൈബ്രറി  പുസ്തകങ്ങള്‍... 


ലൈബ്രറി പുസ്തകങ്ങള്‍ ക്ലാസുമുറിയില്‍ പ്രദര്‍ശിപ്പിക്കുന്നത് കുട്ടികളുടെ  വായനയെ എങ്ങനെയാണ് പരിപോഷിപ്പിക്കുക?
കുട്ടികള്‍ പുസ്തകങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും.പുസ്തകങ്ങള്‍ അവരെ പ്രലോഭിപ്പിക്കും.അതിന്റെ ഭംഗിയുള്ള പുറംചട്ട.കട്ടുറുമ്പുകളെപ്പോലെ വരിവരിയായി സഞ്ചരിക്കുന്ന അതിലെ അക്ഷരങ്ങള്‍.അതിന്റെ താളുകളിലെ വര്‍ണ്ണ ചിത്രങ്ങളില്‍ നിന്നും ഉണര്‍ന്നെഴുന്നേല്‍ക്കുന്ന കഥാപ്പാത്രങ്ങള്‍.കുട്ടികള്‍ പുസ്തകങ്ങള്‍ തൊട്ടുനോക്കും.കൈയ്യിലെടുക്കും. മറിച്ചുനോക്കും.അതിലെ ചിത്രങ്ങള്‍ നോക്കി നില്‍ക്കും.തലക്കെട്ടുകള്‍ വായിച്ചുനോക്കും.പുസ്തകം മണത്തുനോക്കും.തിരികെ വയ്ക്കും.ഇതിനിടയില്‍ എപ്പോഴോ ഈ പുസ്തകം വായിച്ചു നോക്കണമെന്ന ആഗ്രഹം കുട്ടിയില്‍ മുളപൊട്ടും.
ഈ ആഗ്രഹമാണ് കുട്ടികളെ നല്ല വായനക്കാരാക്കി മാറ്റുന്നത്.


 എന്താണ് ക്ലാസ് ലൈബ്രറി?

കുട്ടികളുടെ സ്വതന്ത്ര വായനയെ പരിപോഷിപ്പിക്കുന്ന ഒരിടമായിരിക്കണം ക്ലാസുമുറി എന്ന ആശയത്തിന് പത്തിരുപത് വര്‍ഷത്തെ പഴക്കമുണ്ട്.അന്ന് അത് വായനമൂലയായിരുന്നു.ബാല പ്രസിദ്ധീകരണങ്ങള്‍ ക്ലാസുമുറിയില്‍ പ്രദര്‍ശിപ്പിക്കുകയും കുട്ടികളുടെ സ്വതന്ത്ര വായനയെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു അതിന്റെ ലക്ഷ്യം.എന്നാല്‍ കാലക്രമത്തില്‍ ഈ നല്ല ആശയത്തിന്റെ  പ്രാധാന്യം കുറയുകയും   മിക്കവാറും  ക്ലാസുമുറികള്‍ വായനാമൂലകളെ കൈയ്യൊഴിയുകയും ചെയ്തു.കുട്ടികളെ വായനയിലേക്കു നയിക്കുന്നതില്‍ ക്ലാസുമുറികള്‍ക്കുള്ള പ്രാധാന്യം ബോധ്യപ്പെട്ട അപൂര്‍വ്വം ചില അധ്യാപകര്‍/അധ്യാപികമാര്‍ അതിനെ മുന്നോട്ടുകണ്ടുപോയി.അത്തരം വിദ്യാലയങ്ങളിലെ കുട്ടികള്‍ വായനയിലും പഠനത്തിലും മികവ് തെളിയിച്ചു.


 ക്ലാസ് ലൈബ്രറിയെന്നാല്‍ വിദ്യാലയത്തിലെ ലൈബ്രറിയില്‍ നിന്നും ടീച്ചര്‍ പുസ്തകങ്ങള്‍ ക്ലാസിലേക്കു കൊണ്ടുവന്ന് കുട്ടികള്‍ക്ക് വിതരണം ചെയ്യലാണെന്ന്
 ധരിച്ചുവെച്ചവരുണ്ട്.പക്ഷേ,അത് ശരിയില്ല.ഏതൊക്കെ പുസ്തകങ്ങളാണ് കുട്ടി വായിക്കേണ്ടതെന്ന് ഇവിടെ ടീച്ചറാണ് നിശ്ചയിക്കുന്നത്.കുട്ടികളുടെ വായനയെക്കുറിച്ചും കുട്ടികള്‍ക്കു വേണ്ടി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും അവരുടെ പ്രായത്തെക്കുറിച്ചും  ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമൊക്കെ അറിയാവുന്ന ഒരു ടീച്ചര്‍ക്ക് കുട്ടികള്‍ എന്താണ് വായിക്കേണ്ടതെന്ന് നിശ്ചയിക്കാം.അതില്‍ തെറ്റില്ല.ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത അത്തരം പുസ്തകങ്ങള്‍ തന്നെയായിരിക്കണം ക്ലാസുമുറിയില്‍ ലഭ്യമാക്കേണ്ടത്.പക്ഷേ,ലഭ്യമായ പുസ്തകത്തില്‍ നിന്നും തനിക്ക് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് നല്‍കണം.  വായനയില്‍ ഈ സ്വാതന്ത്ര്യം പ്രധാനമാണ്.കുട്ടികള്‍ക്ക് തനിക്കുവേണ്ട പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനുള്ള  പ്രാപ്തിയുണ്ട്.താന്‍ സ്വന്തമായി തെരഞ്ഞെടുത്ത പുസ്തകമായിരിക്കും കുട്ടി ഏറെ ഇഷ്ടത്തോടെ വായിക്കുക. 


 പുസ്തകം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് ലഭ്യമാകുന്നത് ക്ലാസുമുറിയില്‍ പുസ്തകം പ്രദര്‍ശിപ്പിക്കുമ്പോഴാണ്.കുട്ടികള്‍ക്ക്  എടുത്തുനോക്കാനും തിരികെവെക്കാനും പാകത്തിലായിരിക്കണം പുസ്തകങ്ങള്‍ സജ്ജീകരിക്കേണ്ടത്.അതിന് തടിയില്‍ കടഞ്ഞെടുത്ത തട്ടുകള്‍ വേണമെന്നില്ല.ക്ലാസുമുറിയുടെ ചുവരിനോട് ചേര്‍ത്തിട്ട കാലൊടിഞ്ഞ ഒരു ബെഞ്ച് ധാരാളം മതിയാകും.പുസ്തകം അവിടെ ആകര്‍ഷകമായി നിരത്തിവയ്ക്കണമെന്നുമാത്രം.നല്ല ചിത്രങ്ങളുള്ള പുസ്തകങ്ങള്‍ എടുക്കാനും നോക്കാനും വായിക്കാനുമൊക്കെ കിട്ടുന്ന ഒരു ക്ലാസുമുറിയായിരിക്കും കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുക.

ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യമുണ്ട്.വായനയില്‍ വിവിധ നിലവാരക്കാരായ കുട്ടികള്‍ ഉണ്ടാകും.അവരെക്കൂടി പരിഗണിക്കണം.ലളിതമായ പുസ്തകങ്ങള്‍ കൂടി കൂട്ടത്തില്‍ വേണം.കൂടാതെ വിവിധ വിഭാഗത്തില്‍ പെടുന്ന പുസ്തകങ്ങള്‍ ഉണ്ടാകണം.കഥകള്‍ മാത്രം പോര.കവിതകളും നോവലുകളും വിജ്ഞാന സാഹിത്യവുമൊക്കെ കൂട്ടത്തില്‍ വേണം.കൂടാതെ 'തളിര്', 'യൂറീക്ക' തുടങ്ങിയ ആനുകാലികങ്ങളും ദിനപ്പത്രങ്ങളും ക്ലാസ് ലൈബ്രറിയിലുണ്ടാകണം. അധ്യാപകന്റെ ഇഷ്ടങ്ങളോ മുന്‍ധാരണകളോ പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കരുത്.വിജ്ഞാന സാഹിത്യം മാത്രം കുട്ടികള്‍ക്ക് തെരഞ്ഞെടുത്ത് കൊടുക്കാറുള്ള ഒരധ്യാപകനെ ഒരു വിദ്യാലയത്തില്‍ വെച്ച് പരിചയപ്പെടുകയുണ്ടായി.അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെയുള്ള പുസ്തകങ്ങള്‍ വായിച്ചാല്‍ മാത്രമേ കുട്ടികളുടെ അറിവ് വര്‍ദ്ധിക്കൂ എന്നാണ്.മറ്റു പുസ്തകങ്ങള്‍ വായിക്കുന്നത് സമയം പാഴാക്കലാണു പോലും!അധ്യാപകന്റെ മുന്‍ ധാരണകള്‍ കുട്ടികളുടെ വയനയെ എങ്ങനെ മുരടിപ്പിക്കും എന്നതിന് വേറെ ഉദാഹരണങ്ങള്‍ ആവശ്യമില്ല.

 ക്ലാസിലെ കുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടിയോളം പുസ്തകങ്ങള്‍ ഓരോ ക്ലാസിലുമുണ്ടാകണം.എങ്കിലേ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കൂ.ക്ലാസുമുറിയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രഥമ പരിഗണന ക്ലാസില്‍  പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിലായിരിക്കണം.

ഇനി ക്ലാസ് ലൈബ്രറിയുടെ ചുമതല  ആര്‍ക്കായിരിക്കണം?

 
ക്ലാസിലെ രണ്ടു കുട്ടികളെ ലൈബ്രറിയന്‍മാരായി തെരഞ്ഞെടുക്കണം.ഒരാള്‍ മുഖ്യ ലൈബ്രേറിയനായിരിക്കണം.മറ്റേയാള്‍ സഹലൈബ്രേറിയനും.ഇവരുടെ മേല്‍നോട്ടത്തിലായിരിക്കണം പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പുസ്തകം വിതരണം ചെയ്യുന്നതിനായി നിശ്ചയിക്കണം.ഇഷ്യു രെജിസ്റ്റര്‍ സൂക്ഷിക്കേണ്ട ചുമതല ഈ കുട്ടികള്‍ക്കായിരിക്കണം.ക്ലാസ് ലൈബ്രറിയിലെ പുസ്തകങ്ങള്‍ ഭംഗിയായി അടുക്കിവയ്ക്കേണ്ടതും വൃത്തിയായി സൂക്ഷിക്കേണ്ടതും ലൈബ്രേറിയന്‍മാരുടെ ചുമതലയാണ്.കൂടാതെ പുസ്തകങ്ങള്‍ക്ക്  കേടുപാടുകള്‍ സംഭവിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതും അതാതുസമയം ക്ലാസ് ടീച്ചറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതും ലൈബ്രേറിയന്‍മാരുടെ  ചുമതലയായിരിക്കണം.പുസ്തകങ്ങള്‍ വായിച്ചു തീരുന്ന മുറയ്ക്ക് പുതിയ പുസ്തകങ്ങള്‍ കൊണ്ടുവരേണ്ട കാര്യം ക്ലാസ് ടീച്ചറെ ഓര്‍മ്മിപ്പിക്കേണ്ടതും ഈ  ലൈബ്രേറിയന്‍മാരായിരിക്കണം.


 കുട്ടികളെ പുസ്തകങ്ങളിലേക്ക് അടുപ്പിക്കാന്‍ ക്ലാസ് ടീച്ചറുടെ ഇടപെടല്‍ എങ്ങനെയായിരിക്കണം?
 
ആഴ്ചയില്‍ ഒരു പിരീയഡെങ്കിലും കുട്ടികളുടെ വായന വിലയിരുത്താനും പ്രോത്സാഹിപ്പിക്കാനും നീക്കിവയ്ക്കണം.കഴിഞ്ഞ ആഴ്ച ആരൊക്കെ ഏതൊക്കെ പുസ്തകങ്ങള്‍ വായിച്ചു എന്നു പറയാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കിക്കൊണ്ടായിരിക്കണം ഇത്.കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് ക്ലാസില്‍ പറയാം.വായിച്ച പുസ്തകങ്ങളില്‍ ക്ലാസിലെ മുഴുവന്‍ കുട്ടികളും വയിക്കണമെന്ന് ആഗ്രഹിക്കുന്ന പുസ്തകങ്ങള്‍ ഏതൊക്കെയാണെന്നു ചോദിക്കാം.എന്തുകൊണ്ടാണ് എല്ലാവരും വായിക്കണമെന്നു പറയുന്നത്?കുട്ടികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവസരം നല്‍കാം.കൂടുതല്‍ കുട്ടികള്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ച് പുസ്തക ചര്‍ച്ച സംഘടിപ്പിക്കാം.വായനാക്കുറിപ്പുകള്‍ എഴുതാന്‍ അവസരം നല്‍കാം.കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കണമെന്നു തോന്നുന്ന പുസ്തകങ്ങള്‍ ക്ലാസില്‍ പരിചയപ്പെടുത്താം. ക്ലാസിലെ മികച്ച വായനക്കാരെ ഓരോ മാസവും കണ്ടെത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യാം.



വായനയില്‍ പ്രയാസമുള്ള കുട്ടികളെയോ?

 
ഇവര്‍ പുസ്തകവായനയില്‍ താത്പര്യം കാണിക്കണമെന്നില്ല.ഈ കുട്ടികളുടെ പ്രധാനപ്രശ്നം വായിച്ച് ആശയം ഗ്രഹിക്കാന്‍ കഴിയാത്തതായിരിക്കും.അവര്‍ക്ക് ലളിതമായ പുസ്തകങ്ങള്‍ നല്‍കണം.ഈ പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിക്കണം.ഓരോ ഭാഗവും വായിച്ചാല്‍ അതിലെ കഥ എന്താണെന്നു ചോദിക്കാം.വീണ്ടു വായിപ്പിക്കാം.കഥ പറയിക്കാം.ഇങ്ങനെ ഈ കുട്ടികളെ പതുക്കെ ആശയഗ്രഹണ വായനയിലേക്കു കൊണ്ടുവരാം.

കുട്ടികളുടെ വായന പരിപോഷിപ്പിക്കാന്‍ രക്ഷിതാക്കളുടെ പിന്തുണയും ഉറപ്പാക്കണം.വായന കുട്ടിയുടെ പഠനത്തെ എങ്ങനെയെല്ലാം സഹായിക്കും എന്നതിനെക്കുറിച്ച് ക്ലാസ് പി.ടി.എ യില്‍ ചര്‍ച്ച ചെയ്യണം.വായിക്കാന്‍ പ്രയാസമുള്ളവര്‍ക്ക്  എങ്ങനെയെല്ലാം പിന്തുണ നല്‍കണം എന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ ധാരണ കൈവരിക്കണം. എങ്കില്‍ മാത്രമേ വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളേയും മികച്ച വായനക്കാരാക്കുക എന്ന നേട്ടം കൈവരിക്കാന്‍ നമുക്ക് കഴിയൂ.മികച്ച പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടുക എന്നത് കുട്ടികളുടെ അവകാശമാണ്.കുട്ടികളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ നല്ല പുസ്തകങ്ങള്‍ക്കു കഴിയും. 


Monday, May 8, 2017

സാമൂഹ്യശാസ്ത്രക്ലാസില്‍ എന്തുകൊണ്ട് നാടകം?



ക്ലാസുമുറിയിലെ നാടകം കുട്ടികളെ പഠനപ്രവര്‍ത്തനത്തിന്റെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു.അധ്യാപകന്‍ പഠിപ്പിച്ചുകൊടുക്കുക എന്നതില്‍ നിന്നും കുട്ടി സ്വയം പഠിക്കുക എന്നതിലേക്ക് ബോധനരീതി മാറുന്നു.പഠനപ്രശ്നം കുട്ടികള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ ഏറ്റെടുക്കുന്നു.അവര്‍ സംഘം   തിരിയുന്നു.ആലോചനനടത്തുന്നു.കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നു.വ്യത്യസ്ത കാഴ്ചപ്പാടിലൂടെ പ്രശ്നത്തെ നോക്കിക്കാണുന്നു.ചിലപ്പോള്‍ റിഹേഴ്സല്‍ വേണ്ടിവരുന്നു.അവതരിപ്പിക്കുന്നു.

നാടകത്തിലൂടെ കുട്ടികള്‍ പഠനവസ്തുതയെ അനുഭവിക്കുകയാണ് ചെയ്യുന്നത്.അത് ഭാവനയിലാകാം.യഥാര്‍ത്ഥത്തിലാകാം.ഈ അനുഭവമാണ് കുട്ടികളുടെ അറിവായി പരിണമിക്കുന്നത്.അത് വൈകാരികമായി കുട്ടികളെ സ്പര്‍ശിക്കുകകൂടി ചെയ്യും.


 ഉദാഹരണമായി സംഘം കൃതികളിലെ അഞ്ചുതിണകളും അവയുടെ ഭൂമിശാസ്ത്രതരപരമായ പ്രത്യകതകളും അഞ്ചാം ക്ലാസിലെ  പാഠഭാഗത്ത് പരാമര്‍ശിക്കുന്നുണ്ട്.പാഠപുസ്തകത്തിലെ കേവലമായ  വിവരങ്ങള്‍ എന്നതിനപ്പുറം നാടകത്തിലൂടെ അതെങ്ങനെ കുട്ടികളള്‍ തങ്ങളുടെ  അനുഭവമാക്കി  മാറ്റുന്നു എന്നു പരിശോധിക്കാം.

  • കുട്ടികള്‍ അഞ്ചു ഗ്രൂപ്പുകളാകുന്നു.
  • ഓരോ ഗ്രൂപ്പിനും ഓരോ തിണ നല്‍കുന്നു.
  • അവര്‍ അതിന്റെ പ്രത്യേകതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.
  • തിണയെ എങ്ങനെ ഒരു നിശ്ചലദൃശ്യത്തിലൂടെ അവതരിപ്പിക്കാം എന്നതാണ് ഇവിടെ കുട്ടികളുടെ മുന്നിലുള്ള പ്രശ്നം. സ്വന്തം ശരീരവും പ്രോപ്പര്‍ട്ടികളും ഉപയോഗിച്ച് ഇതു എങ്ങനെ ചെയ്യാമെന്നത് ഓരോ ഗ്രൂപ്പും ചര്‍ച്ചചെയ്യുന്നു.
  • പ്രോപ്പര്‍ട്ടികള്‍ ശേഖരിക്കാന്‍ കുട്ടികള്‍ക്ക് സമയം അനുവദിക്കുന്നു.
  • നിശ്ചയിച്ച സമയത്തിനകം കുട്ടികള്‍ അവതരിപ്പിക്കുന്നു.ഫ്രീസ് ചെയ്യുന്നു.ആവശ്യമെങ്കില്‍ പശ്ചാത്തല സംഗീതം നല്കുന്നു.
  • അവതരണത്തിനുശേഷം മറ്റുഗ്രൂപ്പുകളിലെ കുട്ടികള്‍ ഫീഡ്ബാക്ക് നല്‍കുന്നു.

 ഇവിടെ തിണകള്‍ എന്താണെന്ന അനുഭവം  നാടകാവതരണത്തിലൂടെ കുട്ടികള്‍ സ്വായത്തമാക്കുകയാണ് ചെയ്യുന്നത്.അത് യഥാര്‍ത്ഥ അനുഭവമല്ല.സാങ്കല്‍പ്പികമായ അനുഭവമാണ്.അവരുടെ ഭാവനാശേഷിക്കനുസരിച്ച് അനുഭവങ്ങളുടെ തീവ്രതയില്‍ വ്യത്യാസമുണ്ടാകുമെന്നുമാത്രം.

ഇവിടെ പഠനം നടക്കുന്ന സന്ദര്‍ഭം ഏതാണ്?


  • തിണ എങ്ങനെ അവതരിപ്പിക്കാമെന്ന ചര്‍ച്ചയില്‍ നിന്നാണ് അതു തുടങ്ങുന്നത്.ഉദാഹരണമായി കുറിഞ്ചി എന്താണ്?എങ്ങനെയുള്ള മലനിരകളാണ്?വലുതാണോ?വലിയ പര്‍വ്വതങ്ങള്‍ അതിലുള്‍പ്പെടുമോ?അത് എത്ര നീളത്തിലാണ് ഉണ്ടാകുക?

  • അത് എങ്ങനെ അവതരിപ്പിക്കാമെന്നതാണ് അടുത്ത ചര്‍ച്ച.കാണുന്നവര്‍ക്ക് അത് പര്‍വ്വതമായി തോന്നണമെങ്കില്‍ നാം ഓരോരുത്തരും എവിടെ,എങ്ങനെ നില്‍ക്കണം? എന്തൊക്കെ വസ്തുക്കള്‍ വേണം?ക്ലാസുമുറിയിലെ ഏതൊക്കെ വസ്തുക്കള്‍ ഉപയോഗിക്കാം?പുറത്തുനിന്ന് എന്തൊക്കെ കൊണ്ടുവരണം?വസ്തുക്കള്‍ എങ്ങനെ എവിടെ വയ്ക്കണം?
  • ഇവിടെ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകും.ഓരോന്നും ചര്‍ച്ച ചെയ്യണം.സ്വീകാര്യമല്ലാത്തവ തള്ളിക്കളയണം.ഒരു പൊതു അഭിപ്രായത്തിലെത്തണം.അത് എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കണം.



മുകളില്‍ സൂചിപ്പിച്ച രണ്ടുഘട്ടങ്ങളിലാണ് പഠനം നടക്കുന്നത്.ഈ  പ്രക്രിയയാണ് പ്രധാനം.അതുകൊണ്ടാണ് ക്ലാസുമുറിയിലെ നാടകത്തില്‍ ഉല്‍പ്പന്നത്തേക്കാള്‍ പ്രക്രിയയ്ക്കാണ് ഊന്നല്‍ നല്‍കേണ്ടത് എന്നു പറയുന്നത്.കുട്ടികളില്‍ പഠനം വികാസവും നടക്കുന്നത് ഈ പ്രകിയാഘട്ടത്തിലാണ്.നാടകാവതരണം അത്ര പ്രധാന്യമുള്ളതല്ല.
നിശ്ചലദൃശ്യങ്ങളുടെ അവതരണത്തിനുശേഷമാണ് കുട്ടികള്‍ തിണകളെക്കുറിച്ചുള്ള കുറിപ്പു തയ്യാറാക്കുന്നത്.

കലിംഗയിലെ അശോക ചക്രവര്‍ത്തിയുടെ യുദ്ധവും യുദ്ധത്തിന്റെ പര്യവസാനം അദ്ദേഹത്തിലുണ്ടാക്കിയ  മനംമാറ്റവും കുട്ടികള്‍ മൂന്നു നിശ്ചല ദൃശ്യങ്ങളിലൂടെയാണ് അവതരിപ്പിച്ചത്.ക്ലാസിനെ 16കുട്ടികള്‍വീതമുള്ള രണ്ടുഗ്രൂപ്പുകളാക്കി.അവതരണത്തിനിടയില്‍ ഓരോ ദൃശ്യവും എന്താണെന്നത് ആ ഗ്രൂപ്പിലെ ഒരു കുട്ടി വിശദീകരിച്ചു.കലിംഗയുദ്ധക്കളവും  അശോകനെയും ഇനി ഒരിക്കലും കുട്ടികള്‍ മറക്കില്ല.മാത്രമല്ല,അശോകനെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനുമുള്ള താത്പര്യവും ഈ പ്രവര്‍ത്തനം കുട്ടികളിലുണ്ടാക്കി.


 പഠനത്തിനായി,ക്ലാസുമുറിയില്‍ നാടകം ഉപയോഗിക്കുന്നതോടെ ക്ലാസിലെ മുഴുവന്‍ കുട്ടികളും-ഭിന്ന ശേഷിക്കാരടക്കം  അതില്‍ പങ്കാളികളാകുന്നു.പിന്നോക്കക്കാരായി മുദ്രകുത്തപ്പെട്ട പല കുട്ടികളും ക്ലാസില്‍ സജീവമാകുന്നത് കാണാം.ഇതോടെ സാമൂഹ്യശാസ്ത്രം എന്ന വിഷയം കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായി മാറുന്നു.പരീക്ഷയില്‍ കുട്ടികള്‍ കരസ്ഥമാക്കുന്ന ഗ്രേഡുകളില്‍ പുരോഗതിയുണ്ടാകുന്നു.

നാടകംസ്ഥിരമായി ഉപയോഗിക്കുന്ന ഒരു ക്ലാസുമുറി പഠനത്തോടൊപ്പം മറ്റുപല കഴിവുകളും കുട്ടികളില്‍ അങ്കുരിപ്പിക്കും.പ്രശ്ന-പരിഹരണ ശേഷിയുടെ വികാസം,
ഭാവനയുടേയും സര്‍ഗ്ഗാത്മകതയുടേയും വികാസം,നേതൃത്വപാടവം, കലാപരമായ കഴിവുകള്‍,സഹകരണ മനോഭാവം,സാമൂഹ്യ ഇടപെടലിനുള്ള കഴിവ് എന്നവ ഇവയില്‍ ചിലതുമാത്രം.



നാടകത്തിന്റെ വിവിധ സങ്കേതങ്ങള്‍ ക്ലാസുമുറിയില്‍ പഠനത്തിനായി ഉപയോഗിക്കാന്‍ കഴിയണം.

  • സംഭങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ രൂപീകരിക്കല്‍-ചെറുസംഘങ്ങള്‍ ചേര്‍ന്ന്,വലിയ സംഘങ്ങള്‍ ചേര്‍ന്ന്,ക്ളാസ് മുഴുവനായും
  • നിശ്ചല ദൃശ്യങ്ങള്‍ കമന്ററിയോടു കൂടി അവതരിപ്പിക്കല്‍
  • സംഭവങ്ങളുടെ മൈമിംഗ്
  • ഏകാഭിനയം
  • പാഠഭാഗത്തിന്റെ തല്‍സമയ ഇംപ്രൊവൈസേഷന്‍-ചെറു സംഘങ്ങള്‍ ചേര്‍ന്ന്,വ്യക്തിഗതമായി,വലിയ സംഘങ്ങള്‍ ചേര്‍ന്ന്.
  • സംഭവങ്ങളുടെ ടി.വി.റിപ്പോര്‍ട്ടിങ്ങ്
  • മറ്റൊരാളായി സങ്കല്‍പ്പിച്ചുകൊണ്ടുള്ള അഭിമുഖം
  • റേഡിയോ നാടകം

 ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന നാടകസങ്കേതങ്ങള്‍ ക്ലാസുമുറിയിലുപയോഗിക്കുമ്പോഴാണ് ക്ലാസ് സജീവമാകുക.പഠന സന്ദര്‍ഭത്തിനനുസരിച്ച് വേണ്ടത് തെരഞ്ഞെടുക്കാന്‍ അധ്യാപികയ്ക്ക് കഴിയണം.
നാടകത്തിലേക്ക് കടക്കുന്നതിന് മുമ്പ് ദൃശ്യപരമായ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കണം.ചരിത്രസംഭവങ്ങളുടേയും മറ്റും ചിത്രങ്ങള്‍,വീഡിയോകള്‍ എന്നിവ കുട്ടികള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കണം .ഇവ പഠനപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കുട്ടികളെ പ്രചോദിപ്പിക്കും.അപ്പോഴാണ് കുട്ടികളുടെ ഭാവന ഉണരുക.പഠനത്തിനായി നാടകത്തെ ഉപയോഗിക്കുന്ന ഒരു ക്ലാസുമുറിയില്‍ മുളപൊട്ടുന്ന കുട്ടികളുടെ വ്യതിരിക്തമായ ആലോചനകള്‍ തീര്‍ച്ചയായും നമ്മെ അത്ഭുതപ്പെടുത്തും.ക്ലാസുമുറി കുട്ടികളുടെ പ്രിയപ്പെട്ട ഇടമായി മാറുന്നതും അപ്പോഴാണ്..


Wednesday, May 3, 2017

സര്‍ഗ്ഗാത്മക ക്ലാസുമുറി-എന്ത്?എങ്ങനെ?


ക്ലാസ്സുമുറിയില്‍ സര്‍ഗ്ഗാത്മകതയുടെ വെളിച്ചം പരക്കുന്നത് എപ്പോഴാണ്?

പഠനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് സ്വതന്ത്രമായി ആവിഷ്ക്കാരം നടത്താന്‍ കഴിയണം.അത് കുട്ടികളുടെ പറച്ചിലുകളാകാം.അവരുടെ അഭിപ്രായങ്ങളും  അഭിപ്രായവ്യത്യാസങ്ങളുമാകാം.എഴുത്തിലൂടെയുള്ള ആത്മപ്രകാശനമാകാം.ആവിഷ്ക്കാരം  ചിത്രംവരയിലൂടെയാകാം.ഒരു നാടകാവതരണത്തിലൂടെയോ വാര്‍ത്താ അവതരണത്തിലൂടെയോ ആകാം.പ്രശ്നപരിഹരണത്തിനുള്ള വ്യത്യസ്തമായ ഒരു വഴിയാകാം.സംഘം തിരിഞ്ഞ് ഒരു പരീക്ഷണം രൂപപ്പെടുത്തലാകാം.

അപ്പോള്‍ ക്ലാസുമുറി സര്‍ഗ്ഗാത്മകമാകും.അത് കുട്ടികളുടെ പ്രയപ്പെട്ട ഒരു ഇടമായി മാറും.തനിക്കും കൂട്ടുകാര്‍ക്കും അവിടെ പലതും ചെയ്യാനുണ്ടന്ന തോന്നല്‍ കുട്ടികളിലുണ്ടാകും.ഓരോ കുട്ടിയുടേയും പറച്ചിലുകള്‍ക്ക് ക്ലാസുമുറി ചെവി കൊടുക്കുമ്പോള്‍ മാത്രമാണ് അത് സംഭവിക്കുക.കുട്ടിയുടെ വ്യക്തിത്വം അവിടെ അംഗീകരിക്കപ്പെടുന്നു.കുട്ടി തന്റെ ക്ലാസുമുറി ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു.


നിര്‍ഭയമായ,സ്വതന്ത്രമായ അന്തരീക്ഷമായിരിക്കണം ക്ലാസില്‍.അപ്പോള്‍ കുട്ടികള്‍ അവരുടെ നിശബ്ദത കൈവെടിയും.കുട്ടികള്‍ പരസ്പരം ആശയവിനിമയം  നടത്തുമ്പോഴാണ് വ്യതിരിക്തമായ ചിന്തകള്‍ അവരുടെ മനസ്സില്‍ മുളപൊട്ടുന്നത്.അവിടെ കുട്ടികളുടെ ഭാവനയുണരും.സര്‍ഗ്ഗാത്മകതയുടെ വസന്തം വിരിയും.കുട്ടികളുടെ വരിഞ്ഞുകെട്ടിയ നാവുകള്‍ക്കു മുകളിലാണ് പതിറ്റാണ്ടുകളായി പരമ്പരാഗത ക്ലാസുമുറി അധ്യയനവും അച്ചടക്കവും സാധ്യമാക്കിയത്.
അത്തരം ക്ലാസുമുറികള്‍ സര്‍ഗ്ഗാത്മകതയുടെ ശവപ്പറമ്പുകളായിരിക്കും.


അധ്യാപകനും കുട്ടികളും തമ്മിലുള്ള ബന്ധം ജനാധിപത്യപരവും സ്നേഹപൂര്‍ണ്ണവുമായിരിക്കണം.ഗുണപരമായ ഫീഡ്ബാക്കുകളിലൂടെ അദ്ദേഹം കുട്ടികള്‍ക്ക് നിരന്തരമായ ഉണര്‍വ്വ് നല്‍കിക്കൊണ്ടിരിക്കും.ഇത് അവരുടെ കുഞ്ഞു മനസ്സില്‍ ആത്മവിശ്വാസം നിറയ്ക്കും.പുതിയ ആലോചനകള്‍ അവിടെ മുളപൊട്ടും.കുട്ടികളെ സ്ഥിരമായി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു അധ്യാപകന്റെ ക്ലാസില്‍ കുട്ടികള്‍ അസ്വസ്തരായിരിക്കും.അവരുടെ മനസ്സ് മരുഭൂമിപോലെ വരണ്ടുപോയിരിക്കും.അവിടെ ഭാവന നാമ്പിടില്ല.


 അധ്യാപകന്‍ തന്റെ ആശയങ്ങളും ചിന്തകളും കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നിടത്താണ് സര്‍ഗാത്മകതയ്ക്ക് ക്ഷതം പറ്റുക.പകര്‍ന്നുകൊടുക്കുന്നതിനു പകരം ആശയങ്ങള്‍ കുട്ടികളുടെ മനസ്സില്‍ രൂപപ്പെടണം.അപ്പോഴാണ് അത് കുട്ടിയുടെ സ്വന്തമാകുക.അതില്‍ കുട്ടിയുടെ മൗലികതയുടെ കൈയ്യൊപ്പ് പതിഞ്ഞിരിക്കും.  പരമ്പരാഗത ക്ലാസുമുറിയെ സംബന്ധിച്ചിടത്തോളം വിവരങ്ങള്‍ കുത്തിനിറയ്ക്കാനുള്ള സഞ്ചികളാണ് കുട്ടികളുടെ മനസ്സ്. മൗലികമായി ചിന്തിക്കാനുള്ള കഴിവ് കുട്ടികളില്‍ വികസിപ്പിക്കുകയെന്നത് അതിന്റെ ലക്ഷ്യമല്ല.

വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളെ പ്രചോദിപ്പിക്കാന്‍ സര്‍ഗാത്മക ക്ലാസുമുറിക്ക് കഴിയും.കഥകളിലൂടെ,ചിത്രങ്ങളിലൂടെ,നാടകത്തിലൂടെ,വീഡിയോ ദൃശ്യങ്ങളിലൂടെ,സംഗീതംകേള്‍പ്പിക്കുന്നതിലൂടെ,തുറന്ന  ചോദ്യങ്ങളിലൂടെ,പഠനോപകരണം എന്ന നിലയില്‍ ചുറ്റുപാടും കാണുന്ന വിവിധ വസ്തുക്കള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ അത് കുട്ടികളുടെ ചിന്തയെ പ്രക്ഷുബ്ധമാക്കും.തന്റെ  ഭാവന പ്രയോജനപ്പെടുത്തി മുന്നേറേണ്ടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ അത് കുട്ടിക്കുമുന്നില്‍ തുറന്നിടും.സര്‍ഗാത്മകത വര്‍ത്തമാനത്തിലെ പ്രഹേളികകളെ നേരിടാന്‍ അവന് തുണയാകുക മാത്രമല്ല,ഭാവിയെക്കുറിച്ചുള്ള നേരായ ഉള്‍ക്കാഴ്ച രൂപപ്പെടുത്താനും അവനെ സഹായിക്കും.

പഠനത്തിനിടയില്‍ കുട്ടികള്‍ വരുത്തുന്ന തെറ്റുകളെ തികഞ്ഞ അസഹിഷ്ണുതയോടെയാണ് പരമ്പരാഗത ക്ലാസുമുറികള്‍ കാണുന്നത്.അവിടെ തെറ്റുകള്‍ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്താനുള്ളതാണ്.ചുവന്ന അടയാളം കുട്ടികള്‍ക്കുള്ള ഒരു ശിക്ഷയാണ്.അത് ഒരിക്കലും തെറ്റ് തിരുത്തുന്നതിലേക്ക് കുട്ടികളെ നയിക്കുന്നില്ല.



സര്‍ഗാത്മക ക്ലാസുമുറി കുട്ടികള്‍ വരുത്തുന്ന തെറ്റുകളെ നോക്കിക്കാണുന്നത് മറ്റൊരു രീതിയിലാണ്.തെറ്റുകള്‍ വരുത്തുക എന്നത്
പഠനത്തില്‍ സ്വാഭാവികമാണ്. അത് കുട്ടിയുടെ കുറ്റമല്ല.കുട്ടികള്‍ വരുത്തുന്ന തെറ്റുകള്‍ അധ്യാപകന്റെ പരിമിതിയെയാണ് ബോധ്യപ്പെടുത്തുന്നത്.കുട്ടിക്ക് നല്‍കേണ്ടുന്ന പിന്തുണയെക്കുറിച്ച്  അത് അധ്യാപകന് ചില ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു.അധ്യാപകന്‍ നല്‍കുന്ന ശരിയായ ഫീഡ്ബാക്കുകളിലൂടെ തന്റെ തെറ്റുകള്‍ കണ്ടെത്താനും അവ തിരുത്തി മുന്നേറാനും കുട്ടി പ്രാപ്തിനേടുന്നു.

ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങള്‍ നിലനില്ക്കുന്ന ഒരു ക്ലാസുമുറിയില്‍ സര്‍ഗ്ഗാത്മകതയ്ക്ക് സ്ഥാനമില്ല.ഇത്തരം വിവേചനങ്ങള്‍ക്കു മുകളിലായിരുന്നു പരമ്പരാഗത ക്ലാസുമുറികള്‍ അതിന്റെ സാംസ്ക്കാരിക അടിത്തറ കെട്ടിപ്പൊക്കിയത്.മുന്‍ബെഞ്ചുകാര്‍-പിന്‍ബെഞ്ചുകാര്‍,പഠിക്കുന്നവര്‍-മണ്ടന്‍മാര്‍,പണക്കാര്‍-പാവപ്പെട്ട കുട്ടികള്‍,തറവാട്ടുമഹിമയുള്ളവര്‍-അതില്ലാത്തവര്‍,ഉയര്‍ന്ന ജാതി-കീഴ്ജാതി....ഇങ്ങനെയുള്ള തരംതിരിവുവഴി അത് ഭൂരിപക്ഷം കുട്ടികളേയും ക്ലാസിന്റെ പുറമ്പോക്കുകളിലേക്ക് ആട്ടിയകറ്റുകയാണുണ്ടായത്.സര്‍ഗ്ഗാത്മക ക്ലാസുമുറിയില്‍ ഓരോ കുട്ടിക്കും സ്വന്തമായ ഇടമുണ്ട്.അവള്‍ക്ക്  അവിടെ വേരുകളിറക്കാം.വളരാം.


 പഠനത്തെ അനുഭവങ്ങളുമായി ബന്ധിപ്പിക്കുമ്പോഴാണ് കുട്ടികളുടെ ഭാവന വികസിക്കുക.അപ്പോഴാണ് പുതിയ ചിന്തകള്‍ കുട്ടികളില്‍ പൊട്ടി മുളയ്ക്കുക.സര്‍ഗാത്മക ക്ലാസുമുറി കുട്ടികളുടെ ചുറ്റുപാടുമായി,മനുഷ്യജീവിതവുമായി,അവരുടെ അനുഭവുമായി ബന്ധിപ്പിച്ചുള്ള പഠനത്തിന് പരമപ്രാധാന്യം നല്‍കുന്നു.അതുവഴി പഠനം വൈകാരികമായ അനുഭവമായി മാറുന്നു.കുട്ടികളുടെ വികാരത്തെ സ്പര്‍ശിക്കുകക വഴി പഠനം അവരുടെ ജീവിതം തന്നെയായി മാറുന്നു.അത് പ്രകൃതിയുമായി നേരിട്ട് ബന്ധിപ്പിച്ചുകൊണ്ടുള്ളതായിരിക്കും.എന്നാല്‍ പരമ്പരാഗത ക്ലാസുമുറികള്‍ ജീവിതാനുഭവങ്ങളില്‍ നിന്നും പഠനത്തെ അടര്‍ത്തിമാറ്റുകയാണ് ചെയ്യുന്നത്.പഠനവും ജീവിതവും രണ്ടു വഴികളിലായി വേര്‍പിരിയുന്നു.

പരമ്പരാഗത ക്ലാസുമുറിയെക്കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളില്‍ അഭിരമിക്കുന്ന ധാരാളം  അധ്യാപകരുണ്ട്.അന്നത്തെ അധ്യാപകരുടെ  പ്രാഗല്‍ഭ്യത്തെക്കുറിച്ചും ക്ലാസിലെ നിശബ്ദതയ്ക്ക് മുകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന അവരുടെ  മുഴക്കമാര്‍ന്ന ശബ്ദത്തെക്കുറിച്ചും അവരോട് തോന്നിയിരുന്ന ഭയഭക്തി ബഹുമാനങ്ങളെക്കുറിച്ചും അവര്‍ വാചാലരാകും.സ്വന്തം മനസ്സിലെ ഇത്തരം അധ്യാപക റോള്‍ മോഡലുകളെ വിമര്‍ശനവിധേയമാക്കാനും ഉടച്ചുവാര്‍ക്കാനും കഴിയാതിടത്തോളംകാലം അവരുടെ ക്ലാസുമുറികള്‍ക്ക് ഒരിക്കലും സര്‍ഗ്ഗാത്മകമാകാന്‍ കഴിയില്ല.


 സര്‍ഗ്ഗാത്മതയുള്ളവരെന്നാല്‍ കലാപരമായ കഴിവുകളുള്ളവര്‍ എന്നാണ് നാം സാധാരണയായി വിവക്ഷിക്കാറുള്ളത്.ചിത്രം വരയ്ക്കാന്‍ കഴിവുള്ളവര്‍; പാട്ടുപാടാന്‍ കഴിവുള്ളവര്‍; എഴുതാന്‍ കഴിവുള്ളവര്‍;  അഭിനയിക്കാന്‍ കഴിവുള്ളവര്‍; ശില്പം നിര്‍മ്മിക്കാന്‍ കഴിവുള്ളവര്‍ എന്നിങ്ങനെ.ഇവരെയാണ് ഭാവനാസമ്പന്നര്‍ എന്നു നാം വിളിക്കുന്നത്.ഇതു ശരിയാണെന്നു തോന്നുന്നില്ല.സര്‍ഗ്ഗാത്മത കലാകാരന്മാര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല.ജീവിതത്തിന്റെ സമസ്ത മേഖലകളിലും സര്‍ഗ്ഗാത്മതയുടെ പ്രയോഗമുണ്ട്.ചെയ്യുന്നതൊഴിലില്‍,വസ്ത്രധാരണത്തില്‍,കാഴ്ചപ്പാടില്‍,സൗഹൃദത്തില്‍,മറ്റുള്ളവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍,മറ്റുള്ളവരെ മനസ്സിലാക്കുന്നതില്‍,പ്രശ്നം പരിഹരിക്കുന്നതില്‍,ആസ്വാദനത്തില്‍,ആഹ്ലാദം ആഴത്തില്‍ ആനുഭവിക്കാന്‍ കഴിയുന്നതില്‍....
സര്‍ഗ്ഗാത്മകത ജീവിതത്തെ കൂടുതല്‍ സുന്ദരമാക്കുന്നു.അത് പാരമ്പര്യമായി കിട്ടുന്ന ഒന്നല്ല.വിദ്യാഭ്യാസത്തിലൂടെ വളര്‍ത്തിയെടുക്കേണ്ടതാണ്.കുട്ടികളില്‍ ഭാവനാശേഷി  വളര്‍ത്തുകയെന്നത് വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട  ഉത്തരവാദിത്തമാണ്.ഭാവനാശൂന്യരായ ഒരു തലമുറയ്ക്ക് നാടിനെ മുന്നോട്ടു നയിക്കാന്‍ കഴിയില്ല.ക്ലാസുമുറി സര്‍ഗ്ഗാത്മകമാക്കുകയെന്നത് പുതിയകാലത്തിന്റെ ആവശ്യമാണ്.