ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, August 25, 2017

കടലാസുകൊണ്ടൊരു പണിത്തരം


ഒന്നാം ക്ലാസുകാര്‍ തിരക്കിലാണ്.
നിറമുള്ള പാഴ് കടലാസുകള്‍ കീറുന്നു,മുറിക്കുന്നു,പശതേക്കുന്നു,ഒട്ടിക്കുന്നു..
അവര്‍ രൂപീകരിച്ച പാഠമാണ് മലയും മരവും.
ഈ  പാഠത്തെ കൊളാഷില്‍ ആവിഷ്ക്കരിക്കുകയാണ് കുട്ടികള്‍.
നല്ല ക്ഷമയും ശ്രദ്ധയും കലാവാസനയുമൊക്കെവേണ്ട ജോലി.
കുട്ടികള്‍ അതില്‍ എല്ലാം മറന്ന് മുഴുകി.ഒരു മണിക്കൂര്‍ കൊണ്ട് അവര്‍ തങ്ങളുടെ ജോലി പൂര്‍ത്തിയാക്കി..
നോക്കിയപ്പോള്‍ എല്ലാം ഒന്നിനൊന്നു മെച്ചം..മനോഹരം...









Sunday, August 20, 2017

മലയാളത്തില്‍ തിളങ്ങി ഈ കുട്ടികളും


ക്ലാസിലെ മറ്റു കുട്ടികളെപ്പോലെ തനിക്കും തെറ്റുകൂടാതെ മലയാളം എഴുതാനും വായിക്കാനും പഠിക്കണമെന്ന് ഏതു കുട്ടിക്കാണ് ആഗ്രഹമില്ലാതിരിക്കുക. അങ്ങനെ കഴിയാത്തതില്‍ അവന്‍‌ /അവള്‍ അനുഭവിക്കുന്ന പ്രയാസം വളരെ വലുതായിരിക്കും.ക്ലാസില്‍ അവരുടെ തിളക്കം മാഞ്ഞുപോയത് ആരുടെ കുറ്റം കൊണ്ടാണ്?ഈ കുട്ടികളുടെ കുറ്റമാണോ?അതോ അവരുടെ പഠനവേഗത പരിഗണിച്ചുകൊണ്ട് പഠിപ്പിക്കാന്‍ കഴിയാത്ത അധ്യാപകരുടെ കുറ്റമോ?

മലയാളത്തിളക്കം എന്ന എസ്.എസ്.എ യുടെ പരിപാടി നൈതികമായ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
നല്ല ആലോചനയിലൂടേയും നിരവധി ട്രൈ ഔട്ടുകളിലൂടേയും രൂപപ്പെടുത്തിയ അതിന്റെ  പ്രവര്‍ത്തനപദ്ധതി ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും അന്വേഷിക്കുന്നു.പിന്നോക്കക്കാരനെന്നു മുദ്രകുത്തി ക്ലാസിന്റെ ഓരങ്ങളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ട അവനെ /അവളെ ക്ലസിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയും.അവര്‍ക്കാവശ്യമായ പരിഗണന കൊടുത്താല്‍;അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറായാല്‍;അവര്‍ തന്നെ ഭാഷയെ നിര്‍മ്മിച്ചെടുത്താല്‍;തെറ്റുകള്‍ തിരിച്ചറിയാനും സ്വയം തിരുത്താനുമുള്ള ശീലം വളര്‍ത്തിയാല്‍;നഷ്ടപ്പെട്ട അവരുടെ ആത്മവിശ്വാസം വീണ്ടെടുത്താല്‍…
കുറ്റം കുട്ടിയുടേതല്ല….


 ബേക്കല്‍ ബി.ആര്‍.സി.യില്‍ നിന്നുള്ള അഞ്ചുപേരടങ്ങിയ ഒരു സംഘമായിരുന്നു ഞങ്ങളുടെ വിദ്യാലയത്തില്‍ ആഗസ്ത്  10മുതല്‍ 16 വരെ നീണ്ടുനിന്ന മലയാളത്തിളക്കം പരിപാടിക്ക് നേതൃത്വം നല്‍കിയത്.രാധാകൃഷ്ണന്‍,ദിലീപ്,ശശി,ശ്രീകല,പ്രത്യൂഷ എന്നിവരായിരുന്നു സംഘത്തില്‍.ആകെയുള്ള 27കുട്ടികളെ രണ്ടു ബാച്ചുകളാക്കിക്കൊണ്ടായിരുന്നു ക്ലാസ്.ക്ലാസിലേക്കു വരാന്‍ ആദ്യം മടിച്ച പല കുട്ടികളും ഒന്നാം ദിവസം കഴിഞ്ഞപ്പോള്‍ തന്നെ നാളെയും ക്ലാസുവേണം എന്നു പറയാന്‍ തുടങ്ങിരുന്നു.


 കുട്ടികളെ ഇങ്ങനെ ആകര്‍ഷിക്കാന്‍ മാത്രം എന്തൊക്കെയായിരുന്നു ക്ലാസിന്റെ പ്രത്യേകതകള്‍?
  • ഒരോ കുട്ടിയെയും പ്രത്യകം പരിഗണിച്ചുകൊണ്ടുള്ള പഠനരീതി
  • കളിയും  അഭിനയവും ചിത്രംവരയുമൊക്കെ അടങ്ങിയ multisensory  പ്രവര്‍ത്തനങ്ങള്‍
  • ശരിയായ ചോദ്യങ്ങളിലുടെ കുട്ടികളുടെ മനസ്സിനെ തൊട്ടുണര്‍ത്തി  പാഠം നിര്‍മ്മിച്ചെടുക്കുന്നരീതി.
  • തെറ്റുകള്‍ സ്വയം കണ്ടെത്തുന്നതിലേക്കും  മാതൃകകള്‍ നോക്കി തിരുത്തുന്നതിലേക്കും കുട്ടികളെ നയിക്കല്‍
  • ഓരോ ഘട്ടത്തിലും കുട്ടികള്‍ക്ക് നല്‍കുന്ന പിന്തുണയും പ്രോത്സാഹനവും 

ആകെ നാലു ദിവസമായിരുന്നു ക്ലാസെടുത്തത്.ഒന്നാം ദിവസംതന്നെ പല കുട്ടികളിലും പുരോഗതി കണ്ടുതുടങ്ങിയിരുന്നു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടികള്‍ തെറ്റുകള്‍ പതുക്കെ ഒഴിവാക്കികൊണ്ട് എഴുത്തുഭാഷയെ വരുതിയിലാക്കുന്നത് കാണാമായിരുന്നു.അവരില്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചു.എഴുതാനും വായിക്കാനുള്ള താതപര്യം കൂടി.കുട്ടികള്‍ തെറ്റുകൂടാതെ എഴുതുയത് ക്ലാസ്സ് നിരീക്ഷിക്കുകയായിരുന്ന അവരുടെ ടീച്ചര്‍മാരെ  അഭിമാനത്തോടെ കാണിച്ചുകൊടുത്തു.

നല്ല തയ്യാറെടുപ്പോടെയായിരുന്നു ആര്‍.പി.മാര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തത്.ഓരോ ദിവസത്തേയും വിശദമായ ടീച്ചിംഗ് മാന്വല്‍, കുട്ടികളെ പഠനപുരോഗതി രേഖപ്പെടുത്താനുള്ള രേഖ, പ്രത്യകം തയ്യാറാക്കിയ ഹാജര്‍ പട്ടിക,ചാര്‍ട്ടില്‍ വലുതായി വരച്ചെടുത്ത ചിത്രങ്ങള്‍,ആവശ്യമായ ഡിജിറ്റല്‍ മെറ്റീരിയലുകള്‍…

 മൂന്നാം ദിവസം നടത്തിയ ക്ലാസ് പിടിഎ യോഗത്തില്‍ വന്ന രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ തെറ്റുകൂടാതെ എഴുതുന്നതും വായിക്കുന്നതും നേരിട്ടുകാണാന്‍ കഴി‍‍ഞ്ഞു.സന്തോഷം പലരും പലരും സ്വകാര്യമായി കണ്ണു തുടയ്ക്കുന്നതു കണ്ടു..

1994ല്‍ കാസര്‍ഗോഡ് ഡയറ്റിന്റെ  നേതൃത്വത്തില്‍ നടത്തിയ അക്ഷരപ്പുലരി ഓര്‍മ്മ വരുന്നു.തുടര്‍ന്ന് പരിഹോരബോധനത്തിനായുള്ള നിരവധി പ്രോഗ്രാമുകള്‍..ഒടുവിലത്തേത്ത് രണ്ടുവര്‍ഷം മുന്നേ നടത്തിയ സാക്ഷരം...അക്ഷരത്തിലൂന്നിക്കൊണ്ടുള്ള പഴഞ്ചന്‍ ബോധനരീതിയായിരുന്നു ഈ പ്രോഗ്രാമുകളൊക്കെ അവലംബിച്ചത്. അതുകൊണ്ടുതന്നെ ഇത്തരം പരിപാടികള്‍ക്കൊന്നും കുട്ടികളില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ മലയാളത്തിളക്കം ‍ജ്ഞാനനിര്‍മ്മിതിയിലാണ് ഊന്നുന്നത്.കുട്ടികള്‍ ഭാഷ സ്വയം നിര്‍മ്മിച്ചെടുക്കുന്നു.നിര്‍മ്മിച്ച ഭാഷ സ്വയം എഡിറ്റുചെയ്യുന്നു.തെറ്റുതിരുത്തുന്നു.ഈ രിതിയില്‍ പഠിക്കുന്ന കുട്ടിക്ക് ഭാഷയെ വരുതിയിലാക്കാന്‍ കഴിയും.സംശയമില്ല.



നാലുദിവസംകൊണ്ടുമാത്രം എല്ലാകുട്ടികളും ഭാഷതെറ്റുകൂടാതെ എഴുതാനും വായിക്കാനും പഠിക്കും എന്നൊന്നുംകരുതാന്‍ കഴിയില്ല.പക്ഷേ ഇതുതന്നെയാണ് വഴി എന്നു ചൂണ്ടിക്കാണിക്കാന്‍ ഈ പരിപാടിക്ക് കഴിഞ്ഞു.
അവസാന ദിവസം നടത്തിയ SRGയോഗത്തില്‍ ഈ പരിപാടിയുടെ വിജയത്തെ ശരിയായ രീതിയില്‍ വിലയിരുത്താന്‍ കഴിഞ്ഞു.ഇതിന്റെ തുടര്‍ച്ച എങ്ങനെ ഉറപ്പുവരുത്താം എന്ന ആലോചനയുണ്ടായി.തൊട്ടടുത്ത ദിവസം മുതല്‍ക്കു തന്നെ  സ്ക്കൂളിലെ അധ്യാപികമാരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ തുടരാനും സെപ്തംബര്‍മാസം അവസാനത്തോടെ ക്ലാസുകള്‍ പൂര്‍ത്തിയാക്കാനും ധാരണയായി.



മലയാളത്തിളക്കം ഒരു സന്ദേശം മുന്നോട്ടു വയ്ക്കുന്നുണ്ട്.
എല്ലാകുട്ടികളേയും മലയാളഭാഷാപഠനത്തില്‍ മിടുക്കരാക്കാം…
കുട്ടികളുടെ പഠനവേഗത പരിഗണിച്ചുകൊണ്ട് പഠിപ്പിച്ചാല്‍;
അവരുടെ പറച്ചിലുകള്‍ക്ക് ചെവികൊടുത്താല്‍;
അവരില്‍ ആത്മവിശ്വാസം അങ്കുരിപ്പിച്ചാല്‍;
തെറ്റുകള്‍ സ്വയം തിരിത്തുന്നതിലേക്ക് കുട്ടികളെ നയിച്ചാല്‍..
തീര്‍ച്ചയായും ഈ കുട്ടികളും പഠനത്തില്‍ മിടുക്കരാകും..









Tuesday, August 15, 2017

ഒരു സ്വാതന്ത്ര്യദിനം കൂടി...



സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിച്ചു.9.30ന് സ്ക്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്റ്റ്രസ് ഇന്ദിരാമ്മ പതാകയുയര്‍ത്തി.പിടിഎ പ്രസിഡണ്ട് വി.രാമകൃഷ്ണങ്ങന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. അസംബ്ലിയില്‍വെച്ച് കുട്ടികളുടെ ദേശഭക്തി ഗാനാലാപനം നടന്നു.




 തുടര്‍ന്ന് ആറ് ഏഴ് ക്ലാസുകളിലെ പെണ്‍കുട്ടികളുടെ മാസ് ഡ്രില്‍ നടന്നു.മനോഹരമായിരുന്നു കുട്ടികളുടെ അവതരണം.





 തുടര്‍ന്ന് സ്ക്കൂള്‍ ഹാളില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍  ഹെഡ്മിസ്റ്റ്രസ് ഇന്ദിരാമ്മ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് വി.രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.വാര്‍ഡ് മെമ്പറും സ്ക്കൂള്‍ വികസനസമിതി ചെയര്‍മാനുമായ ശ്രീമതി ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് രണ്ടാം ക്ലാസുമുതല്‍ ഏഴാം ക്ലാസുവരെ പഠനത്തില്‍ മികവുപുലര്‍ത്തിയ കുട്ടികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണം നടന്നു.
സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.ചന്ദ്രിക,മദര്‍ പിടിഎ പ്രസിഡണ്ട് ശ്രീമതി വി.ഗീത,ശ്രീ.നാരായണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രസക്തിയെക്കുറിച്ച്
നന്ദന എസ്.എം,( ഏഴാം ക്ലാസ് )ആനന്ദ് വി.(നാലാം ക്ലാസ്)എന്നീകുട്ടികള്‍ ഇംഗ്ലീഷിലും അശ്വിനി.പി (ഏഴാം ക്ലാസ് ) മലയാളത്തിലും ശ്രേയ(ഏഴാം ക്ലാസ് ) ഹിന്ദിയിലും പ്രസംഗിച്ചു.
സ്റ്റാഫ് സിക്രട്ടറി ശ്രീ.രാജേഷ് പി.ടി. നന്ദി പറഞ്ഞു.

കൊടവലത്തെ ശ്രീ ബാലകൃഷ്ണന്‍ നായരുടെ വക പായസ വിതരണം  നടന്നു.





 ഒന്നാം ക്ലാസുകാരുടെ പതാക നിര്‍മ്മാണം..




രണ്ടാം ക്ലാസുകാരുടെ ചുമര്‍ പത്രം





പായസ വിതരണം


Monday, August 14, 2017

ഒന്നാം ക്ലാസുകാര്‍ മഴയെ വരച്ചു


ഒന്നാം ക്ലാസുകാര്‍ മഴയെ വരച്ചു.മഴയുടെ വിവിധഭാവങ്ങള്‍ ഇത്രയും ശുദ്ധിയോടെ മറ്റാര്‍ക്കാണ് ആവിഷ്ക്കരിക്കാന്‍ കഴിയുക?









 

Thursday, August 10, 2017

സഡാക്കോ, നീ മരിക്കുന്നില്ല…


ആഗസ്ത് 9  നാഗസാക്കി ദിനത്തില്‍ ഏഴാം ക്ലാസിലെ പത്ത് കുട്ടികള്‍ ചേര്‍ന്ന്  സ്ക്കൂള്‍ അസംബ്ലിയില്‍ അവതരിപ്പിച്ച സഡാക്കോ, നീ മരിക്കുന്നില്ല എന്ന ആവിഷ്ക്കാരം കുട്ടികളുടേയും അധ്യാപകരുടേയും പ്രശംസ പിടിച്ചുപറ്റി.അഞ്ചുമിനുട്ട് സമയത്തിനുള്ളില്‍ സഡാക്കോയുടെ കഥ കാഴ്ചക്കാരുടെ കരളലിയിക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞു.കഥാകഥനരീതിയും  നാടകവും കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു കുട്ടികള്‍ സഡാക്കോയുടെ കഥ അവതരിപ്പിച്ചത്.ഏഴാം ക്ലാസിലെ അശ്വിനി  സഡാക്കോ ആയി ഗംഭീരമായ അഭിനയം കാഴ്ചവെച്ചു.