ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, February 9, 2018

മൈസൂരിനെ അറിയാന്‍ ഒരു പഠനയാത്ര..

ഇത്തവണത്തെ സ്ക്കൂള്‍  പഠനയാത്ര മൈസൂരിലേക്കായിരുന്നു…

25-1-2018 to 27-1-2018



ഇത്തവണത്തെ സ്ക്കൂള്‍  പഠനയാത്ര മൈസൂരിലേക്കായിരുന്നു…
കുട്ടികളും അധ്യാപികമാരും പി.ടി.എ അംഗങ്ങളുമടക്കം അമ്പത്തഞ്ച് പേരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്.25.1.2018 വ്യാഴാഴ്ച  രാത്രി കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും നിന്നും മംഗലാപുരത്തേക്ക് തീവണ്ടിയില്‍ യാത്ര.അവിടെ നിന്നും ബസ്സില്‍ മൈസൂരിലേക്ക്. അന്ന് പുലര്‍ച്ചെ മൈസൂരില്‍.അവിടെ ലോഡ്ജില്‍ വിശ്രമം.





ആദ്യ ദിവസം മൈസൂര്‍ പ്രദേശം മുഴുവന്‍ ഞങ്ങള്‍  ചുറ്റിക്കണ്ടു.ചാമുണ്ഡിക്കുന്നിലേക്കായിരുന്നു ആദ്യം പോയത്. പ്രകൃതി രമണീയമായ സ്ഥലം.കുറേ നേരം ഞങ്ങളവിടെ ചെലവഴിച്ചു. ,ചരിത്രത്തിലേക്കുള്ള ഒരു കിളിവാതിലായിരുന്നു മനോഹരമായ മൈസൂര്‍ കൊട്ടാരം.മൈസൂര്‍ രാജാക്കന്‍മാരുടെ ആഢംബര ജീവിതം എങ്ങനെയായരുന്നുവെന്ന് വിളിച്ചോതുന്ന ഒട്ടനവധി ചരിത്രശേഷിപ്പുകള്‍ അവിടെ കണ്ടു. പിന്നീട്  മൃഗശാല സന്ദര്‍ശിച്ചു.പലതരം മൃഗങ്ങള്‍, അപൂര്‍വ്വ ഇനത്തില്‍ പെട്ട പക്ഷികള്‍.., 





 പിന്നീട് നേരെ വൃന്ദാവനത്തിലേക്ക്.മനോഹരമായ ഉദ്യാനം.അവിടത്തെ മ്യൂസിക്കല്‍ ഫൗണ്ടയിന്‍ അതിമനോഹരം.
മുറിയില്‍ തിരച്ചെത്തുമ്പോള്‍ നേരം നന്നേ വൈകിയിരുന്നു.




രണ്ടാം ദിവസം നേരെ പോയത് സെന്റ് ഫിലോമിന ചര്‍ച്ചിലേക്കായിരുന്നു.ചരിത്രം ഉറങ്ങിക്കിടക്കുന്ന പ്രൗഢഗംഭീരമായ പള്ളി.പിന്നീട് ടിപ്പു സമാധിയിലേക്ക്.ടിപ്പു രാജാവ് എന്ന ധീരമായ ഭരണാധികാരി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം.പിന്നീട് ശ്രാവണ ബലഹോളയിലെ ഗോമടേശ്വര പ്രതിമ കാണാന്‍..ശില്പങ്ങളാല്‍ അലംകൃതമായ ഹളിബേഡുവിലെ ശിവക്ഷേത്രം,ബേളുരിലെ അതിഗംഭീരമായ ഗോപുരം.രണ്ടാംദിവസം കാഴ്ചകളാലും അതു നല്‍കിയ അറിവുകളാലും സമ്പന്നമായിരുന്നു.

 സങ്കത്തോടെയായിരുന്നു ഞങ്ങള്‍ മൈസൂരിനോട് വിട പറഞ്ഞത്.
മനസ്സില്‍ എന്നെന്നും സൂക്ഷിക്കാന്‍ ഏറെ അനുഭവങ്ങള്‍ നല്‍കിയ ഒരു യാത്ര....





 




Sunday, January 28, 2018

രക്ഷാകര്‍തൃ പരിശീലനം ആരംഭിച്ചു



പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള രക്ഷാകര്‍തൃ പരിശീലനം  പുല്ലൂര്‍ പെരിയ പഞ്ചായത്ത് വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ ശ്രീമതി.ബിന്ദു ഉദ്ഘാടനം ചെയ്തു.മദര്‍ പിടിഎ പ്രസിഡണ്ട് ശ്രീമതി ദേവിക അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്റ്റ്രസ് ശ്രീമതി ഇന്ദിരാമ്മ സ്വാഗതം പറഞ്ഞു.സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ചന്ദ്രിക,അധ്യാപകനായ ശ്രീ.സുരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


 
19.1.2018 വെള്ളിയാഴ്ച എല്‍പി വിഭാഗം പരിശിലനം നടന്നു.എല്‍പി വിഭാഗം പരിശിലനത്തിന് അധ്യാപകനായ ശ്രീ ബിന്റോ രമേശും 22.1.2018നു നടന്ന യു.പി. വിഭാഗം പരിശിലനത്തിന് ശ്രീ.പി.ടി. രാജേഷും നേതൃത്വം കൊടുത്തു.രണ്ടു ബാച്ചുകളിലായി ഏതാണ്ട് 170 രക്ഷിതാക്കള്‍ പങ്കെടുത്തു.ബാക്കിയുള്ളവര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശിലനം നല്‍കും.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യങ്ങളും അതിന്റെ പ്രാധാന്യവും വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്കുയരുമ്പോള്‍ രക്ഷിതാക്കളുടെ റോള്‍ എന്തായിരിക്കണമെന്നതുമാണ് പരിശിലനത്തിന്റെ ഉള്ളടക്കം.





Group discussion & Presentation


 
 

Sunday, January 14, 2018

നടുവൊടിഞ്ഞ കുറുക്കന്‍

ഒന്നാം ക്ലാസുകാരുടെ ആവിഷ്ക്കാരം



ഒന്നാം ക്ലാസുകാര്‍ കഥയുണ്ടാക്കുന്ന തിരക്കിലാണ്.ദിവസവും ഓരോ കഥവീതം നിര്‍മ്മിക്കുന്നു..
ആദ്യം വാചികമായി.
എല്ലാവരും വട്ടിത്തിലിരിക്കുന്നു.ടീച്ചര്‍ കഥയുടെ തുടക്കം പറയുന്നു.കുട്ടികള്‍ കൂട്ടിച്ചര്‍ക്കുന്നു.അങ്ങനെ എല്ലാ
വരും ചേര്‍ന്ന് കഥ വികസിപ്പിക്കുന്നു…


അല്ലെങ്കില്‍ ഒരു ശബ്ദത്തില്‍ നിന്നായിരിക്കും കഥയുടെ തുടക്കം.ശബ്ദം കേട്ടപ്പോള്‍ എന്തുതോന്നി?ഈ ചോദ്യം കുട്ടികളെ കഥയിലേക്കു കൊണ്ടുപോകും.

അല്ലെങ്കില്‍ ഒരു കഥാപ്പാത്രമായി അഭിനയിക്കുന്നതിലൂടെ ആയിരിക്കും കഥ വികസിക്കുന്നത്..



അല്ലെങ്കില്‍ ഒരു ചിത്രത്തില്‍ നിന്ന്..

കഥ രൂപീകരിക്കപ്പെട്ടതിനുശേഷം 
അത് ഇംപ്രൊവൈസ് ചെയ്ത് അവതരിപ്പിക്കുന്നു.


കുട്ടികള്‍ മാറിമാറി വന്ന് കളിക്കും..
സംഭാഷണംവും മറ്റും കുട്ടികള്‍ തത്സമയം അവതരിപ്പിക്കും...


ശേഷം  കഥ എഴുതുന്നു..

 കോഴിയെ പിടിക്കാന്‍ ഏണിവച്ച് മരത്തില്‍ ക‍റിനോക്കിയതാണ് കുറുക്കന്‍.പക്ഷേ,പാവം വീണു പോയി.നടുവൊടിഞ്ഞ കുറുക്കന്റെ നടത്തം കണ്ടോ..




Friday, December 22, 2017

കുട്ടികള്‍ക്കുള്ള ക്രിസ്മസ് സമ്മാനവുമായി ജയരാജന്‍ മാഷ് വന്നു


കുട്ടികള്‍ക്കുള്ള ക്രിസ്മസ് സമ്മാനവുമായി ജയരാജന്‍ മാഷ് വീണ്ടും വന്നു.ഇംഗ്ലീഷ് ഭാഷാപണ്ഡിതനും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിന്റെ മുന്‍ ഡയറക്ടറുമായ ഡോ.പി.കെ ജയരാജ് മുമ്പ് ഒരു തവണ സ്ക്കൂള്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് പോകുമ്പോള്‍ ഒരു വാക്ക് തന്നിട്ടാണ് പോയത്.ഇനി വരുമ്പോള്‍  ലൈബ്രറി പുസ്തകങ്ങള്‍ കൊണ്ടുവരുമെന്ന്.മാഷ് വാക്ക് പാലിച്ചു.കൈ നിറയെ പുസ്തകങ്ങളുമായാണ് മാഷ് ഇത്തവണ വന്നത്.NBTപ്രസിദ്ധീകരിച്ച ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികള്‍ക്കുള്ള,  മനോഹരമായ ചിത്രങ്ങളുള്ള ഇംഗ്ലീഷ്  പുസ്തകങ്ങള്‍..
സ്ക്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ കുട്ടികള്‍ക്ക് ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനം.നന്ദി ജയരാജന്‍ മാഷെ..





സ്ക്കൂളിലെ ക്രിസ്മസ് ആഘോഷം




 സ്ക്കൂളിലെ ക്രിസ്മസ് ആഘോഷം ഗംഭീരമായി.
എല്ലാക്ലാസുകളിലേക്കും ക്രിസ്മസ് അപ്പൂപ്പന്‍ സമ്മാനവുമായി വന്നു.അനുഗമിച്ചുകൊണ്ട് കരോള്‍ ഗായകസംഘവും.ഓരോ ക്ലാസിനും ഓരോ ക്രിസ്മസ് കേക്ക്.സ്ക്കൂള്‍ സ്റ്റാഫിന്റെ വകയാണ് കുട്ടികള്‍ക്കുള്ള കേക്ക്.


 വിവിധ ക്ലാസുകളിലെ കുട്ടികളുടെ നേതൃത്വത്തില്‍ പുല്‍ക്കൂടുകള്‍ ഉണ്ടാക്കി.
ക്രിസ്മസ്സ്-പുതുവത്സര ആശംസാകാര്‍ഡുകള്‍ തയ്യാറാക്കി.കാര്‍ഡുകള്‍ കുട്ടികള്‍ പരസ്പരം കൈമാറി.മനസ്സില്‍ എന്നെന്നും ഓര്‍മ്മിക്കാന്‍ മറ്റൊരു ക്രിസ്സ്മസ്സ് ആഘോഷംകൂടി.



 വിവിധ ക്ലാസുകളിലെ കുട്ടികളുടെ നേതൃത്വത്തില്‍ പുല്‍ക്കൂടുകള്‍











ക്രിസ്മസ്സ്-പുതുവത്സര ആശംസാകാര്‍ഡുകള്‍ 





Saturday, December 9, 2017

കുട്ടികള്‍ക്ക് കൈത്താങ്ങായി ശ്രദ്ധ



കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഗണിച്ചുകൊണ്ട് അവരെ മുന്നിലെത്തിക്കാന്‍ മൂന്ന്, അഞ്ച് ക്ലാസുകളില്‍ നടക്കുന്ന  പഠനപദ്ധതി ശ്രദ്ധയ്ക്ക് വിദ്യാലയത്തില്‍ തുടക്കമായി.


ക്ലാസിലെ മറ്റു കുട്ടികളെപ്പോലെ തനിക്കും പഠനത്തില്‍ മുന്നിലെത്തണമെന്ന്   ഏതു കുട്ടിക്കാണ് ആഗ്രഹമില്ലാതിരിക്കുക. അങ്ങനെ കഴിയാത്തതില്‍ അവന്‍‌ /അവള്‍ അനുഭവിക്കുന്ന പ്രയാസം വളരെ വലുതായിരിക്കും.ക്ലാസില്‍ അവര്‍ പിന്നോക്കം പോയത് ഏതായാലും കുട്ടികളുടെ കുറ്റം കൊണ്ടല്ല.  അവരുടെ പഠനവേഗത പരിഗണിച്ചുകൊണ്ട് പഠിപ്പിക്കാന്‍ കഴിയാത്ത അധ്യാപകരും വിദ്യാലയവും വീട്ടില്‍ നിന്നും കുട്ടികള്‍ക്കാവശ്യമായ പഠനപിന്തുണ നല്‍കാന്‍ കഴിയാത്തരക്ഷിതാക്കളും കുട്ടികളുടെ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയുമൊക്കെ അതിനുള്ള കാരണങ്ങളാണ്.

കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഗണിച്ചുകൊണ്ട് അവരെ മുന്നിലെത്തിക്കാന്‍ മൂന്ന്, അഞ്ച് ക്ലാസുകളില്‍ നടക്കുന്ന പഠന പ്രവര്‍ത്തന പാക്കേജാണ് ശ്രദ്ധ.മലാളം,സയന്‍സ്,ഗണിതം,ഇംഗ്ലീഷ് എന്നീവിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ വിഷയത്തിനും എട്ടുമണിക്കൂര്‍ വീതമുള്ള പഠന പ്രവര്‍ത്തനങ്ങാണ് കുട്ടികള്‍ക്ക് നല്‍കുക.തുടര്‍ച്ചയായ നാലു ശനിയാഴ്ചകളില്‍ അഞ്ചുമണിക്കൂര്‍ വീതവും പ്രവൃത്തി ദിവസങ്ങളില്‍  മൂന്നു മണിക്കൂര്‍ വീതവും 

 വിദ്യാലയവും അധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ നമുക്ക് ലക്ഷ്യം കൈവരിക്കാന്‍ കഴിയൂ.ദിവസവും കുട്ടി പഠിക്കുന്നവേളയില്‍ ഒന്നിച്ചിരിക്കാനും ആവശ്യമായ സഹായം നല്‍കാനും രക്ഷിതാക്കള്‍ സമയം കണ്ടെത്തണം.

കുട്ടികളെ സ്നേഹിച്ചുകൊണ്ട്,

തനിക്കും മറ്റുകുട്ടികളെപ്പോലെ പഠിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം അവരില്‍ അങ്കുരിപ്പിച്ചുകൊണ്ട്,

പഠനത്തിന്റെ ഉയര്‍ന്ന തലത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്തിക്കൊണ്ട്,

നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം...


വെള്ളിയാഴ്ച വൈകുന്നേരം  പി.ടി.എ പ്രസിണ്ട് ശ്രീ.വി രാമകൃഷ്ണന്‍ ശ്രദ്ധ പദ്ധതിയില്‍ ഉള്‍പ്പെട്ട രക്ഷിതാക്കളുടെ യോഗത്തില്‍ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്ക്കൂള്‍ ഹെഡമിസ്റ്റ്രസ് ഇന്ദിരാമ്മ ടീച്ചര്‍ അധ്യക്ഷതവഹിച്ചു.മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ദേവിക,സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ചന്ദ്രികടീച്ചര്‍ എന്നിവര്‍ ആസംസകള്‍ നേര്‍ന്നു.സ്റ്റാഫ് സിക്രട്ടറി ശ്രീ..പി.ടിരാജേഷ്,ശ്രീ..എം.എം.സുരേന്ദ്രന്‍ എന്നിവര്‍ രക്ഷികാക്കളുമായി സംവദിച്ചു.



 ഇന്ന് ശനിയാഴ്ച
അഞ്ചാം ക്ലാസ്
കളികള്‍ - കുട്ടികളുടെ ശ്രദ്ധയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനുള്ള രസകരമായ കളികള്‍ കുട്ടികള്‍ നന്നായി ആസ്വദിച്ചു.









മൂന്നാം ക്ലാസ്സ്
കുട്ടികള്‍ സംഘം തിരിഞ്ഞ് രൂപീകരിച്ച നിശ്ചല ദൃശ്യങ്ങള്‍





Friday, December 1, 2017

ജില്ലാ കലോത്സവത്തില്‍ കവിതാരചനയില്‍ അനുഷയ്ക്ക് ഒന്നാം സ്ഥാനം



ജില്ലാ കലോത്സവത്തില്‍ കവിതാരചനയില്‍ അനുഷയ്ക്ക് ഒന്നാം സ്ഥാനം
ചെമ്മനാട് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍വെച്ച് നടന്ന കാസര്‍ഗോഡ് ജില്ലാ കലോത്സവത്തില്‍ മലയാളം കവിതാരചനയില്‍ അനുഷ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.


ഏഴാം ക്ലാസില്‍ പഠിക്കുന്ന അനുഷ  നേരത്തെ വിദ്യാരംഗം കലാസാഹിത്യവേദിയും മറ്റും നടത്തിയ കവിതാരചനാ മത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്.അഞ്ചാം ക്ലാസുമുതലാണ് അനുഷ കവിതയെഴുതാന്‍ തുടങ്ങിയത്.മുപ്പതോളം കവിതകള്‍ ഇതിനകം രചിച്ചിട്ടുണ്ട്.വായനക്കാരുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ കഴിയുന്ന ഭാഷാപ്രയോഗമാണ് അനുഷയുടെ കവിതയുടെ മുഖമുദ്ര.കവിത മനോഹരമായി ആലപിക്കാന്‍കൂടി കഴിയുന്ന അനുഷ നല്ല ഒരു വായനക്കാരികൂടിയാണ്.പുല്ലൂരിലെ കുഞ്ഞികൃഷ്ണന്‍,പ്രീതി ദമ്പതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി.


ജില്ലാകലോത്സവത്തില്‍ ഭരതനാട്യം,മോഹിനിയാട്ടം എന്നിവയില്‍ എ ഗ്രേഡ് നേടിയ കീര്‍ത്തന-ഏഴാം ക്ലാസ്സ്


 ദേശഭക്തിഗാനത്തില്‍ എ ഗ്രേഡ്

 Ananya,Anusha,Archana Madhu,Krishnaja,Sivada Murali,Aparna,Anusha