ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Saturday, February 25, 2017

വെളിച്ചം കൊണ്ടൊരു പരീക്ഷണം


ഭൂമിയില്‍ എല്ലായിടത്തും ഒരുപോലെയാണോ സൂര്യപ്രകാശം വീഴുന്നത്?
രാവും പകലും ഉണ്ടാകുന്നത് എങ്ങനെയാണ്?
ആറാം ക്ലാസ്സുകാരുടെ പരീക്ഷണം
പാഠപുസ്തകത്തില്‍ പരീഷണം എങ്ങനെ ചെയ്യണമെന്നത് വിശദീകരിച്ചിട്ടുണ്ട്.അത് കുട്ടികള്‍ വായിച്ചു.പരീഷണരീതിയെക്കുറിച്ച് ചര്‍ച്ച ചെയ്തു.
ആവശ്യമായ ക്രമീകരണങ്ങള്‍ ലബോറട്ടറിയില്‍ കുട്ടികളുടെ സഹായത്തോടെ ഒരുക്കി.
കുട്ടികള്‍ സംഘംചേര്‍ന്ന് പരീക്ഷണം ചെയ്തു.
പരീഷണക്കുറിപ്പ് തയ്യാറാക്കി.





ചന്ദ്രന്റെ പരിക്രമണവും ഭ്രമണവും ...ആറാം ക്ലാസുകാരുടെ പരീക്ഷണം





 

Thursday, February 23, 2017

കണ്ണൂരിലേക്ക് ഒരു പഠനയാത്ര


കണ്ണൂരിന്റെ ചരിത്രവും സാസ്ക്കാരിക പൈതൃകവും അറിയുക എന്നതായിരുന്നു ഇത്തവണത്തെ ഏക ദിനപഠനയാത്രയുടെ ലക്ഷ്യം.ഫിബ്ര.18 ശനിയാഴ്ച 129കുട്ടികള്‍ രണ്ടു ബസ്സുകളിലായി രാവിലെ 6.30 ന് സ്ക്കൂളില്‍ നിന്നും പുറപ്പെട്ടു.ഏഴ് അധ്യാപകരും അഞ്ച് പിടി.എ അംഗങ്ങളും കുട്ടികളെ അനുഗമിച്ചു.

കണ്ണൂര്‍ കോട്ട, അറക്കല്‍ മ്യൂസിയം,കേരളം കണ്ട മഹാരഥന്‍മാരുടെ ശവകൂടിരങ്ങള്‍ നിലകൊള്ളുന്ന പയ്യാമ്പലം ബീച്ച്,സയന്‍സ് പാര്‍ക്ക്,ദേശാഭിമാനി പ്രസ്,പറശ്ശിനിക്കടവ് സ്നേക്ക്പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ കുട്ടികള്‍ക്ക് അറിവും ആഹ്ളാദവും പകര്‍ന്നു നല്‍കി.രാത്രി 9 മണിക്കാണ് സംഘം സ്ക്കൂളില്‍ തിരച്ചെത്തിയത്.












 

Monday, February 20, 2017

ബഹിരാകാശത്തേക്ക് ഒരു സാങ്കല്‍പ്പിക യാത്ര


ബഹിരാകാശത്തേക്ക് ഒരു സാങ്കല്‍പ്പിക യാത്ര
അഞ്ചാം ക്ലാസുകാര്‍ അവരുണ്ടാക്കിയ റോക്കറ്റുമായി..
യൂണിറ്റ് 9 - ബഹിരാകാശം വിസ്മയങ്ങളുടെ ലോകം





 

Tuesday, February 14, 2017

സ്ക്കൂള്‍ വികസനത്തിനായുള്ള ജനകീയകൂട്ടായ്മ വന്‍വിജയം. പ്രാദേശിക കൂട്ടായ്മകള്‍ വേദിയില്‍ വെച്ച് പ്രഖ്യാപിച്ചത് 14ലക്ഷം രൂപ.


വിവിധ പ്രാദേശിക കൂട്ടായ്മകള്‍ 14 ലക്ഷം രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് കാസര്‍ഗോഡ് എം.പി. ശ്രീ.പി.കരുണാകരനെ ഏല്‍പ്പിച്ചു.
സ്ക്കൂള്‍ വികസനം ജനകീയകൂട്ടായ്മയിലൂടെ എന്ന സന്ദേശം നല്‍കിക്കൊണ്ട് സ്ക്കൂള്‍ സമഗ്രവികസനപദ്ധതി ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.വിവിധ പ്രാദേശികക്കൂട്ടായമകളും വ്യക്തികളുടേയും സംഭാവനയും സ്പോണ്‍സര്‍ഷിപ്പും താഴെക്കൊടുക്കുന്നു.




  • പുല്ലൂര്‍ പ്രാദേശിക കൂട്ടായ്മ-പ്രീ-പ്രൈമറി കുട്ടികളുടെ പാര്‍ക്ക്(5 ലക്ഷം രൂപ)
  • കണ്ണാംകോട്,പുളിക്കാല്‍  കൂട്ടായ്മ-ആധുനിക സയന്‍സ് ലാബ് (1,50000 രൂപ)
  • സ്ക്കൂള്‍ പരിസരം കൂട്ടായ്മ-സ്മാര്‍ട്ട് ക്ലസ് റൂം( 1ലക്ഷം രൂപ)
  • കൊടവലം പ്രാദേശിക കൂട്ടായ്മ-സ്മാര്‍ട്ട് ക്ലസ് റൂം ( 1ലക്ഷം രൂപ)
  • സ്ക്കൂള്‍ പരിസരം കൂട്ടായ്മ -സ്മാര്‍ട്ട് ക്ലസ് റൂം( 1ലക്ഷം രൂപ)
  • എടമുണ്ട  പ്രാദേശിക കൂട്ടായ്മ -സ്മാര്‍ട്ട് ക്ലസ് റൂം ( 1ലക്ഷം രൂപ)
  • മധുരംപാടി,താളിക്കുണ്ട്,എക്കാല്‍മണ്ണട്ട,വിഷ്ണുമംഗലം കൂട്ടായ്മ -സ്മാര്‍ട്ട് ക്ലസ് റൂം ( 1ലക്ഷം രൂപ)
  • ചാരു അമ്മ,പണിക്കര്‍കോരന്‍ എന്നിവരുടെ സ്മരണയ്ക്ക് മക്കളും ചെറുമക്കളും ചേര്‍ന്ന് -സ്മാര്‍ട്ട് ക്ലസ് റൂം ( 1ലക്ഷം രൂപ)
  • സ്ക്കൂള്‍ സ്റ്റാഫ് വക -സ്മാര്‍ട്ട് ക്ലസ് റൂം ( 1ലക്ഷം രൂപ)
  • ഉപ്പാട്ടി കുഴിയില്‍ കുഞ്ഞിരാമന്‍ വക-50,000 രൂപ 



ജനകീയകൂട്ടായ്മ കാസര്‍ഗോഡ് എം.പി. ശ്രീ.പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശാരദ എസ്.നായര്‍ അധ്യാക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.പി.നാരായണന്‍ സ്ക്കൂള്‍ സമഗ്രവികസനപദ്ധതി രേഖ പ്രകാശനം ചെയ്തു.പുല്ലൂര്‍ പെരിയ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.ബിന്ദു.ടി. സ്ക്കൂള്‍ സമഗ്രവികസനപദ്ധതി രേഖ ഏററുവാങ്ങി.സാമൂഹിക-സാസ്കാരിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.




Madyamam

Mathrubhoomi


Manorama


Deshabhimani

Sunday, February 12, 2017

ഒരു വിദ്യാലയത്തെ ഇങ്ങനെയാണ് ജനങ്ങള്‍ ഏറ്റെടുക്കുന്നത്...



സ്ക്കൂള്‍ വികസനത്തിനായുള്ള ഒരു പ്രാദേശിക കൂട്ടായ്മയുടെ യോഗമാണ് ചിത്രത്തില്‍.യോഗത്തിനെത്തിയവര്‍ തെരഞ്ഞെടുക്കുന്ന,സ്ഥലത്തെ  ഒരു പ്രധാനവ്യക്തിയായിരിക്കും അധ്യക്ഷന്‍.ഇതുമായി ബന്ധപ്പെട്ട് സ്ക്കൂളില്‍ ചേര്‍ന്ന ആദ്യയോഗത്തില്‍ നിന്നും തെരഞ്ഞെടുത്ത  കണ്‍വീനറാണ്  യോഗത്തില്‍ സ്വാഗതം പറയുക.ഹെഡ്മാസ്റ്റര്‍,ഓരോ പ്രദേശത്തേയും കൂട്ടായ്കമളുടെ ചുമതലയുള്ള രണ്ടോ മൂന്നോ അധ്യാപികമാര്‍,ആ പ്രദേശത്തുനിന്നുള്ള പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ യോഗ നടത്തിപ്പിന്റെ ചുമതല വഹിക്കും.

പ്രദേശത്തിലെ മുഴുവന്‍ ആളുകളേയും നേരിട്ടുകണ്ട് നോട്ടീസ് നല്‍കി കൂട്ടായ്മയിലേക്ക് ക്ഷണിക്കും.കൂടാതെ ക്ലബ്ബുകളുടെ ഭാരവാഹികള്‍,കുടുംബശ്രീകള്‍,രാഷ്ടീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ക്കും പ്രത്യേകം കത്ത് നല്‍കി യോഗത്തിലേക്ക് ക്ഷണിക്കും.
പ്രദേശവാസികള്‍ക്ക് എത്തിപ്പെടാന്‍ പറ്റുന്ന ഏതെങ്കിലും ഒരു പൊതു സ്ഥലത്തായിരിക്കും അതാതുപ്രദേശത്തുള്ളവര്‍ കൂടിയിരിക്കുക..ക്ലബ്ബുകള്‍,വായനശാലകള്‍,അംഗന്‍വാടികള്‍,ഭജനമന്ദിരങ്ങള്‍എന്നവയില്‍ ഏതെങ്കിലുമൊന്ന്.


 സ്ക്കൂളിന്റെ വികസനപ്രവര്‍ത്തനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട.
2024ഓടെ നൂറു വര്‍ഷം പൂര്‍ത്തിയാക്കാന്‍ തുടങ്ങുന്ന ഒരു വിദ്യാലയം ഇനി എങ്ങനെയാണ് മുന്നോട്ടുപോകേണ്ടത്?ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ ഇനി എന്തെല്ലാം മാറ്റങ്ങളാണ് വേണ്ടത്?അക്കാദമിക പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലുള്ള മികവുകളും തുടര്‍പ്രവര്‍ത്തനങ്ങളും എന്തെല്ലാമാണ്?..
തുടങ്ങിയവയാണ് യോഗത്തിന്റെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

 ഹെഡ്മാസ്റ്റര്‍ സ്ക്കൂള്‍ സമഗ്രവികസനപദ്ധതിയുടെ കരട് അവതരിപ്പിക്കും. ‌ (എസ്.ആര്‍.ജി.അംഗങ്ങള്‍,പി.ടി.എ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍,ഒരു ആര്‍ക്കിടെക്ട് എന്നിവര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്താണ് സ്ക്കൂള്‍ സമഗ്രവികസനപദ്ധതിയുടെ കരട് തയ്യാറാക്കിയത്.)
സമഗ്രവികസനപദ്ധതിയുടെ കരട് രേഖയെ അടിസ്ഥാനപ്പെടുത്തിയാണ് ചര്‍ച്ച.
യോഗത്തിനെത്തിയ മുഴുവന്‍ ആളുകള്‍ക്കും അഭിപ്രായം പറയാം.പലര്‍ക്കും സ്ക്കൂളിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാനുണ്ടാകും.തങ്ങള്‍ പഠിക്കുമ്പോഴുള്ള കാലഘട്ടത്തിലെ സ്ക്കൂള്‍.ഇനി സ്ക്കൂള്‍ എങ്ങനെയെല്ലാമാണ് മാറേണ്ടതെന്ന സ്വപ്നങ്ങള്‍.അതിനുള്ള നിര്‍ദ്ദേശങ്ങള്‍..


  പ്രാദേശിക വികസനക്കൂട്ടായ്മയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി സ്വീകരിച്ച് കരടില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും.

സ്ക്കൂള്‍ വികസന പദ്ധതിക്കായുള്ള സാമ്പത്തിക സമാഹരണമാണ് അജണ്ടയിലെ  അടുത്ത ഇനം.അത് വ്യാപകമായ പണപ്പിരിവിലൂടെയല്ല കണ്ടെത്തേണ്ടത്.പ്രദേശത്തെ സാമ്പത്തികശേഷിയുള്ളവരുടേയും വിദേശത്തും മറ്റും ജോലിചെയ്യുന്നവരുടേയും ലിസ്റ്റ് തയ്യാറാക്കി അവരെ സമീപിക്കല്‍.ഏതെങ്കിലും പദ്ധതി അവരെക്കൊണ്ട് സ്പോണ്‍സര്‍ ചെയ്യിക്കല്‍. ഇത്തരം സ്പോണ്‍സര്‍ഷിപ്പുകള്‍ അതാതു പ്രദേശത്തെ ക്ലബ്ബുകള്‍ക്കും മറ്റു സംഘടനകള്‍ക്കും ഏറ്റെടുക്കാം.

പ്രാദേശിക കൂട്ടായ്മയുടെ  പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനായി നേരത്തെ തെരഞ്ഞെടുത്ത കണ്‍വീനറെ കൂടാത ഒരു ചെയര്‍മാനേയും എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുക്കല്‍.


 ഇത്രയുമാണ് സ്ക്കൂള്‍ വികസനത്തിനായുള്ള ഒരു പ്രാദേശിക കൂട്ടായ്മയില്‍ നടക്കുക.സ്ക്കൂളിന്റെ സമിപത്തെ ചെറു പ്രദേശങ്ങളെ അടിസ്ഥാനമാക്കി ഇതു പോലെ പത്ത് പ്രാദേശിക കൂട്ടായ്മകളാണ് രൂപീകരിച്ചത്.

1.കൊടവലം 2.പുല്ലൂര്‍ സ്ക്കൂള്‍ പരിസരം 3.കേളോത്ത് 4.പൊള്ളക്കട 5.താളിക്കുണ്ട് 6.വണ്ണാര്‍ വയല്‍,കണ്ണങ്കോത്ത് 7.തടത്തില്‍ 8.ഉദയനഗര്‍ ജംഗ്ഷന്‍ 9.കരക്കക്കുണ്ട് 10.പുല്ലൂര്‍ ജംഗ്ഷന്‍

ഓരോ കൂട്ടായ്മയുടേയും ആദ്യകൂടിച്ചേരല്‍ പൂര്‍ത്തിയായി.ആവേശകരമായ പ്രതികരണമാണ് ഇതില്‍  പങ്കെടുത്ത ജനങ്ങളില്‍ നിന്നും ഉണ്ടായത്.സ്ക്കൂള്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഒരോ പ്രാദേശവും സന്നദ്ധരായി മുന്നോട്ടു വന്നിരിക്കുന്നു.ഫെബ്രുവരി 13ാംതീയ്യതി തിങ്കളാഴ്ച്ച കാസര്‍ഗോഡ് എം.പി. ശ്രീ.പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്യുന്ന  സ്ക്കൂള്‍ വികസന സെമിനാറില്‍ തങ്ങളുടെ സ്പോണ്‍സര്‍ഷിപ്പ് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഈ കൂട്ടായ്മകള്‍.



സ്ക്കൂള്‍ വികസനത്തിനായുള്ള പത്ത്  പ്രാദേശിക കൂട്ടായ്മകള്‍ ഞങ്ങള്‍ അധ്യാപകരെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായിരുന്നു.അത് ഞങ്ങള്‍ക്ക് സമ്മാനിച്ചതാകട്ടെ വലിയ പാഠങ്ങളും.എന്തൊക്കെയാണ് ഞങ്ങളുടെ തിരിച്ചറിവുകളും തീരുമാനങ്ങളും?


സ്ക്കൂളിനോട് ഈ പ്രദേശത്തുള്ളവര്‍ക്ക് അതിയായ സ്നേഹമുണ്ട്.സ്ക്കൂളില്‍ ചെലവഴിച്ച   തങ്ങളുടെ ബാല്യ കൗമാരങ്ങളുടെ ഓര്‍മ്മകള്‍ ഉള്ളില്‍ കെട്ടുപോകാതെ സൂക്ഷിക്കുന്നവരാണ് അവര്‍.തങ്ങളുടെ പില്‍ക്കാല ജീവിതത്തില്‍ സ്ക്കൂള്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.ചിലര്‍ക്കെങ്കിലും ചില പരിഭവങ്ങളുമുണ്ട്.മുന്‍കാലങ്ങളില്‍, നാട്ടിലെ ചില പരിപാടികളില്‍  സ്ക്കൂള്‍ വേണ്ടത്ര സഹകരിക്കാഞ്ഞത്.സ്ക്കൂള്‍ കോമ്പൗണ്ടിലൂടെയുള്ള പൊതു വഴി അടച്ചു കളഞ്ഞത്.ക്ലബ്ബിന്റെ ഏതോ യോഗത്തിന് സ്ക്കൂള്‍ വിട്ടുകൊടുക്കാഞ്ഞത്....ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ കൂടി തുറന്നുപറയാനുള്ള ഒരു ഇടം ലഭിച്ചതോടെ അവരുടെ പരിഭവങ്ങള്‍ മാറി.



സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവരല്ല പുല്ലൂരിലെ ജനങ്ങള്‍.കൂലിപ്പണിചെയ്ത് ഉപജീവനം നടത്തുന്നവരാണ് ഭൂരിപക്ഷം പേരും.വിദേശത്തും മറ്റും ജോലിസമ്പാദിച്ച് സാമ്പത്തികശേഷി കൈവരിച്ച ചുരുക്കം ചിലരേയുള്ളു.എങ്കിലും തങ്ങളാല്‍ കഴിയുന്ന സഹായം സ്ക്കൂളിനുവേണ്ടി നല്‍കാന്‍ അവര്‍ ഒരുക്കമാണ്-സാമ്പത്തികമായും അധ്വാനംകൊണ്ടും.

അഞ്ചുവര്‍ഷത്തേക്കുള്ള ഒരു സ്ഥിരം സംവിധാനമായിട്ടായിരിക്കും ഈ പ്രാദേശിക കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുക.പത്ത് പ്രാദേശിക കമ്മിറ്റികളുടെയും  കണ്‍വീനറും ചെയര്‍മാനും ഫെബ്രുവരി 13ാംതീയ്യതി രൂപീകരിക്കുന്ന സ്ക്കൂള്‍ വികസന കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.

 മാസത്തില്‍ ഒരിക്കലെങ്കിലും പ്രാദേശിക കൂട്ടായ്മകള്‍ യോഗം ചേരും.സ്ക്കൂള്‍ വികസനപ്രവര്‍ത്തനങ്ങളും അക്കാദമിക പ്രവര്‍ത്തനങ്ങളും  വിലയിരുത്തും.അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിക്കും.അത് സ്ക്കൂള്‍ വികസന കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും.അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ പ്രാദേശിക കൂട്ടായ്മകള്‍ വീണ്ടും പുനഃസംഘടിപ്പിക്കും.



കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ ചരിത്രം എന്നത് വിദ്യാലയം കെട്ടിപ്പൊക്കാന്‍ ജനങ്ങള്‍  മുന്നിട്ടറങ്ങിയ ചരിത്രം കൂടിയാണ്.ആളുകളുടെ ത്യാഗത്തിന്റേയും സഹനത്തിന്റേയും കഥകള്‍ നമ്മുടെ നാട്ടിലെ ഒട്ടുമിക്ക വിദ്യാലയങ്ങള്‍ക്കും പറയാനുണ്ടാകും.ഇന്ന് ഇത്തരത്തിലുള്ള ജനകീയ ഇടപെടല്‍   കേരളത്തിലെ ഓരോ പൊതു വിദ്യാലയവും ആവശ്യപ്പെടുന്നുണ്ട്.
 ജനകീയ ഇടപെടല്‍ ഓരോ വിദ്യാലയത്തിന്റേയും ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കും.വിദ്യാലയത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷകള്‍ അത് ജനങ്ങള്‍ക്ക് നല്‍കും.അതിനനുസരിച്ച് ഓരോ വിദ്യാലയത്തിനും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായി വരും.






Friday, February 10, 2017

സ്ക്കൂള്‍ വികസനത്തിനായുള്ള ജനകീയ കൂട്ടായ്മ

ഫിബ്രവരി 13 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്
ബഹു.എം.പി.ശ്രീ.പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്യുന്നു

 

 സുഹൃത്തേ,
നമ്മുടെ സ്ക്കൂള്‍ മുറ്റത്ത് നാം വീണ്ടും ഒരുമിച്ച് കൂടുകയാണ്.ഇത്തവണ നാം ഒന്നിക്കുന്നത് നമ്മുടെ വിദ്യാലയത്തെ മാറ്റിത്തീര്‍ക്കാനുള്ള വികസനപദ്ധതിക്ക് രൂപം നല്‍കാനാണ്.


ഈ വിദ്യാലയം നമ്മുടെ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടതാകണം.അവര്‍ക്ക് പഠിക്കാനും വളരാനും വികസിക്കാനുമുള്ള ആധുനിക സൗകര്യങ്ങള്‍ ഇവിടെ വേണം.ലോകത്തിലെ ഏതൊരു രാജ്യത്തേയും കുട്ടികളെപ്പോലെ നമ്മുടെ കുട്ടികള്‍ക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ഇവിടെ നിന്ന് ലഭ്യമാക്കണം.


നൂറു വര്‍ഷം പൂര്‍ത്തിയാക്കാന്‍ തുടങ്ങുന്ന ഈ വിദ്യാലയമുറ്റത്ത് ചിലവഴിച്ച ബാല്യകൗമാരങ്ങളുടെ ദീപ്തസ്മരണകള്‍ മനസ്സില്‍ സൂക്ഷിക്കാത്തവരായി ആരും ഈ പ്രദേശത്ത് ഉണ്ടാകില്ല.നമ്മുടെ സ്വന്തം വിദ്യാലയത്തിനുവേണ്ടി ഒരിക്കല്‍കൂടി നമുക്ക് ഒരുമിച്ച് കൂടണം.ഒരു വിദ്യാലയം എങ്ങനെയായിരിക്കണമെന്ന നമ്മുടെ സ്വപ്നങ്ങള്‍ ഈ കൂട്ടായ്മയില്‍ പങ്കുവയ്ക്കണം.അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന സ്ക്കൂള്‍ സമഗ്രവികസനപദ്ധതിക്ക് രൂപം നല്‍കണം.ഫിബ്രവരി 13 തിങ്കളാഴ്ച ഉച്ചയ്ക്ക് 2മണിക്ക് നടക്കുന്ന സ്ക്കൂള്‍ വികസനത്തിനായുള്ള ജനകീയ കൂട്ടായ്മ ബഹു.എം.പി.ശ്രീ.പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.ഈ കൂട്ടായ്മയിലേക്ക് താങ്കളേയും കുടുംബത്തേയും സാദരം ക്ഷണിച്ച് കൊള്ളുന്നു.


പി.ടി.എ പ്രസിഡണ്ട് /ഹെഡ്മാസ്റ്റര്‍












Thursday, February 2, 2017

പ്രാദേശിക കൂട്ടായ്മകളില്‍ നിന്നും ആവേശകരമായ ജനപിന്തുണ


സ്ക്കൂള്‍ വികസനത്തിനായുള്ള പ്രാദേശിക കൂട്ടായ്മകളുടെ യോഗം ആരംഭിച്ചിരിക്കുന്നു.

പുല്ലൂരിലെ പത്ത് ചെറുപ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തി പത്ത് ജനകീയ കൂട്ടായ്മകളായിരുന്നു രൂപീകരിച്ചിരുന്നത്.മൂന്നു ജനകീയ കൂട്ടായ്മകളുടെ ആദ്യ യോഗങ്ങള്‍ ഇതിനകം കഴിഞ്ഞു.എടമുണ്ട,സ്ക്കൂള്‍പരിസരം,പുളിക്കാല്‍ എന്നിവിടങ്ങളിലെ കൂടിയിരിപ്പാണ് കഴിഞ്ഞത്.സ്ക്കൂള്‍ വികസനത്തിനായി തങ്ങളാല്‍ കഴിയുന്ന എല്ലാവിധ സഹായവും പിന്തുണയും ഓരോ കൂട്ടായ്മയും വാഗ്ദാനം ചെയ്തു.
ഓരോ യോഗത്തന്റേയും അജണ്ട ഇങ്ങനെയിരുന്നു...

  • യോഗത്തിനെത്തിവരില്‍ നിന്നും പ്രദേശത്തെ പൊതുസമ്മതിയുള്ള ഓരാളെ കണ്ടെത്തി അധ്യക്ഷനാക്കും.
  • സ്വാഗതം പറയുന്നത് കണ്‍വീനറായിരിക്കും.
  • പി.ടി.എ.,മദര്‍ പി.ടി.എ പ്രസിഡണ്ട്,ഹെഡ്മാസ്റ്റര്‍,അതാതുപ്രദേശത്തിന്റെ ചാര്‍ജുള്ള അധ്യാപകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
  • സ്ക്കൂള്‍ സമഗ്രവികസ പദ്ധതിയുടെ കരട് യോഗത്തില്‍ അവതരിപ്പിക്കും.
  • അതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മാറ്റങ്ങളും ചര്‍ച്ചചെയ്യുകയും ക്രോഡീകരിക്കുകയും ചെയ്യും.
  • ചില പദ്ധതികള്‍ എങ്ങനെ നടപ്പാക്കാം എന്ന് ആലോചിക്കും.
  • സാമ്പത്തിക സമാഹരണവും സ്പോണ്‍സര്‍ഷിപ്പും ആലോചിക്കും.പ്രദേശത്ത് ഇതിന് കഴിയുന്നവരുടെ-യോഗത്തില്‍ സന്നിഹിതരായവരുണ്ടെങ്കില്‍ അവരോട് ആലോചിക്കാനും വിദേശത്തും മറ്റും ജോലിചെയ്യുന്നവരുണ്ടെങ്കില്‍ അവരുമായി ബന്ധപ്പെടാനും യോഗത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തും.യോഗത്തിനെത്തിയ ക്ലബ്ബുകളുടേയും കുടുംബശ്രീകളുടേയും മറ്റും ഭാരവാഹികളും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും.
  • ഫെബ്രുവരി 13ന് നടക്കുന്ന സ്ക്കൂള്‍ വികസനസെമിനാറില്‍ സംഭാവനകളും സ്പോണ്‍സര്‍ഷിപ്പും പ്രഖ്യാപിക്കും.

നേരത്തെ തെരഞ്ഞെടുത്ത കണ്‍വീനര്‍,ജോ.കണ്‍വീനര്‍ എന്നിവരെ കൂടാതെ ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍ എന്നവരേയും യോഗത്തില്‍ നിന്നും തെരഞ്ഞെടുക്കും. കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി എക്സിക്യൂട്ടിവ് കമ്മിറ്റി വിപുലീകരിക്കും.സ്ക്കൂള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അതാതു പ്രദേശങ്ങളില്‍ നിന്നും നേതൃത്വം നല്‍കുന്നത് ഈ കമ്മിറ്റികളായിരിക്കും.



‌പ്രദേശം:പുളിക്കാല്‍

 

പ്രദേശം:പുല്ലൂര്‍ സ്ക്കൂള്‍ പരിസരം

പ്രദേശം:എടമുണ്ട

5-2-2017 Sunday

Udayapuram Junction at Friends Club




Keloth 

At Anganvadi





Pullur Junction