ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Saturday, February 27, 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-മാര്‍ച്ച് മാസം

2016
മാര്‍ച്ച്




 മാര്‍ച്ച് 3 വ്യാഴം
SRG യോഗം

  • ക്ലാസ് പിടിഎ-വിലയിരുത്തല്‍
  • ആവശ്യമായ പഠന പിന്തുണ-ആസൂത്രണം

മാര്‍ച്ച് 4 വെള്ളി
നക്ഷത്ര നിരീക്ഷണ ക്ലാസ് (സയന്‍സ് ക്ലബ്ബ്)വൈകു. 6.30 മുതല്‍

മാര്‍ച്ച് 7 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • പഴഞ്ചൊല്‍പയറ്റ്-(പഴഞ്ചൊല്ലുകള്‍ ചോദിച്ചും വ്യാഖ്യാനിച്ചും  ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരം)
  • കടങ്കഥാപ്പയറ്റ്(ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരം)


മാര്‍ച്ച് 8 ചൊവ്വ
ലോക വനിതാദിനം

  • അസംബ്ലി-ലോക വനിതാദിനത്തിന്റെ പ്രാധാന്യം-പ്രസംഗം

മാര്‍ച്ച് 9 ബുധന്‍
യൂറി ഗഗാറിന്‍ ദിനം

  • അസംബ്ലി-യൂറി ഗഗാറിന്‍ അനുസ്മരണം
  • മധുരവാണി-യൂറി ഗഗാറിന്‍ പ്രഭാഷണം


മാര്‍ച്ച് 14 തിങ്കള്‍
കടങ്കഥാപ്പയറ്റ്(ഗ്രൂപ്പുകള്‍ തമ്മില്‍ മത്സരം)


 മാര്‍ച്ച് 15 ചൊവ്വ
ഏഴാം ക്ലാസുകാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം

മാര്‍ച്ച് 17 വ്യാഴം
SRG യോഗം

  • വാര്‍ഷിക മൂല്യനിര്‍ണ്ണയം-ആസൂത്രണം
  • അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള കുട്ടികളെ ആകര്‍ഷിക്കല്‍-വീടുകയറിയുള്ള പ്രചരണം-ആസൂത്രണം

മാര്‍ച്ച് 21 തിങ്കള്‍
വാര്‍ഷിക മൂല്യനിര്‍ണ്ണയം-ആരംഭം

  • അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള കുട്ടികളെ ആകര്‍ഷിക്കല്‍-വീടുകയറിയുള്ള പ്രചരണം-ആരംഭം


മാര്‍ച്ച് 31 വ്യാഴം

പ്രീ-പ്രൈമറി കുട്ടികളുടെ കലോത്സവം


Friday, February 26, 2016

സ്ക്കൂള്‍തല മെട്രിക്ക് മേള

സ്ക്കൂള്‍തല മെട്രിക്ക് മേളയും പ്രദര്‍ശനവും ഇക്കഴിഞ്ഞ ദിവസം നടന്നു. നാലാംക്ലാസുകാരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം നടന്നത്.കുട്ടികള്‍ നിര്‍മ്മിച്ച വിവധതരം ക്ലോക്കുകള്‍,സ്കെയിലുകള്‍,ഉളളളവ് അളക്കാനുള്ള പാത്രങ്ങള്‍,തൂക്കക്കട്ടികള്‍,ത്രാസുകള്‍,വിവധതരം കലണ്ടറുകള്‍ എന്നിങ്ങനെ നിരവധി ഉല്‍പ്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.പ്രദര്‍ശനം കാണാനെത്തിയ കൊച്ചുകുട്ടികള്‍ക്ക് നാലാം ക്ലാസുകാര്‍ ഓരോന്നും വിശദീകരിച്ചു കടുത്തു.









 

Sunday, February 21, 2016

'വിംഗ്സ്' സയന്‍സ് സെമിനാറില്‍ ഒന്നാം സ്ഥാനം

എസ്.എസ്.എ നടത്തിയ ബേക്കല്‍ ഉപജില്ലാ 'വിംഗ്സ്' സയന്‍സ് സെമിനാറില്‍ പുല്ലൂര്‍ സ്ക്കൂളിലെ കുട്ടികള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.




 അന്വേഷണാത്മക ശാസ്ത്രപഠനം
സൂര്യോദയവും സൂര്യാസ്തമയം എന്തുകൊണ്ട്?
ആറാം ക്ലാസുകാരുടെ പരീക്ഷണം..








ചന്ദ്രന്‍ സ്വയം ഭ്രമണം ചെയ്യുന്നുണ്ടോ?
പരീക്ഷണം..





 

Saturday, February 13, 2016

ശാസ്ത്രപഠനത്തിലേക്കുള്ള വഴികള്‍


ഏഴാം ക്ലാസിലെ കുട്ടികള്‍ കഴിഞ്ഞ ആഴ്ച സ്ക്കൂളില്‍ ഒരു പ്രദര്‍ശനം ഒരുക്കി.സയന്‍സ് ക്ലാസില്‍ അവര്‍ നിര്‍മ്മിച്ച ഉപകരണങ്ങളും അതിന്റെ പ്രവര്‍ത്തന രീതിയും ഒന്നാം ക്ലാസുമുതല്‍ മുകളിലോട്ടുള്ള കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നതായിരുന്നു പ്രദര്‍ശനം.ഓരോ ഉപകരണത്തിന്റേയും പ്രവര്‍ത്തനരീതിയും അതില്‍ ഉപയോഗപ്പെടുത്തുന്ന ശാസ്ത്രതത്വവുമൊക്കെ ചാര്‍ട്ടിലും കടലാസിലുമൊക്കയായി എഴുതിത്തൂക്കിയിട്ടിരുന്നു.വിവിധ ക്ലാസുകളിലെ കുട്ടികള്‍ നല്ല താത്പര്യത്തോടെയായിരുന്നു ആ പ്രദര്‍ശനം നോക്കിക്കണ്ടത്.

കണ്ണാടികൊണ്ട് നിര്‍മ്മിച്ച വിവിധതരം പെരിസ്ക്കോപ്പുകള്‍,പല വലുപ്പത്തിലുള്ള കാലിഡോസ്കോപ്പ്,കണ്ണാടിക്കൂട്ടിലെ രാജപാത,പതന-പ്രതിപതന കിരണങ്ങളുടെ കോണളവ് കാണാനുള്ള ഉപകരണം,കണ്ണാടികള്‍ കൊണ്ട് അനന്ത പ്രതിബിംബം ഉണ്ടാക്കുന്ന രീതി,അലുമീനിയം ഫോയിലുകളും പെയിന്റും  കൊണ്ട് നിര്‍മ്മിച്ച ഗോളിയ ദര്‍പ്പണങ്ങളുടെ മോഡലുകള്‍,ഫിലമെന്റ് ബള്‍ബില്‍ വെള്ളം നിറച്ച് നിര്‍മ്മിച്ച  കോണ്‍വെക്സ് ലെന്‍സും അതിന്റെ സ്റ്റാന്റും...

ഇത്രയും ഉപകരണങ്ങള്‍ 'പ്രകാശവിസ്മയങ്ങള്‍' എന്ന ഒറ്റ യൂണിറ്റ് പഠിക്കുന്നതിന്റെ  ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ചവയാണ്.ഏഴാം ക്ലാസിലെ അടിസ്ഥാനശാസ്ത്രപുസ്തകത്തിലെ ഏഴു യൂണിറ്റുകള്‍ പഠിപ്പിച്ചു കഴിഞ്ഞപ്പോള്‍ ക്ലാസില്‍ രൂപപ്പെട്ട ഉപകരണങ്ങള്‍ക്ക് കണക്കില്ല. കുട്ടികള്‍ നിര്‍മ്മിച്ച ജൈവകീടനാശിനിയും പലതരം ലിറ്റ്മസ് പേപ്പറുകളും മൈദയും ഫെവിക്കോളും കൊണ്ട് നിര്‍മ്മിച്ച കിഡ്നിയുടെ മാതൃകയുമൊക്കെ അതില്‍പെടും.

ലളിതമായ ഉപകരണങ്ങളാണ് എല്ലാം.ഓരോന്നിലും കുട്ടികളുടെ കൈയടയാളം പതിഞ്ഞിട്ടുണ്ട്.ഓരോ ഉപകരണവും അതിന്റെ ഉപയോഗവും കുട്ടികളുടെ പഠനത്തെക്കുറിച്ച് നമ്മോട് പലതും പറയുന്നുണ്ട്.അവരുടെ അന്വേഷണങ്ങളും കണ്ടെത്തലുകളും  വിജയവും പരാജയവുമൊക്കെ കുട്ടികള്‍ നിര്‍മ്മിച്ച ഈ ഉപകരണങ്ങളില്‍ ഒളിഞ്ഞുകിടപ്പുണ്ട്.അതിലവരുടെ താത്പര്യവും ചിന്തയും ഭാവനയും വൈദഗ്ദ്യവുണ്ട്.

ഏഴാം ക്ലാസുകാരെ സയന്‍സ് പഠിപ്പിക്കുന്നത് സീമ ടീച്ചറാണ്.കുട്ടികള്‍ ഈ രീതിയിലാണ് സയന്‍സ് പഠിക്കേണ്ടത് എന്നാണ് ടീച്ചറുടെ അഭിപ്രായം.
എന്തുകൊണ്ടാണ് ടീച്ചര്‍ ഇങ്ങനെ പറയുന്നത്?


 ശാസ്ത്രീയ ധാരണകള്‍ (scientific concepts)രൂപീകരിക്കാന്‍ കുട്ടികള്‍ നേരിടുന്ന പ്രയാസമാണ് സയന്‍സ് ക്ലാസിലെ ഒരു മുഖ്യ പ്രശ്നം. concept കള്‍ പലപ്പോഴും കേവലമായ വിവരങ്ങള്‍(informations) മാത്രമായി നില്‍ക്കുന്നു.ഉദാഹരണമായി 'ആഴം കൂടുന്തോറും ദ്രാവകമര്‍ദ്ദം കൂടുന്നു' എന്ന ധാരണ കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു information മാത്രമാണ്.ഇതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുമ്പോഴാണ് അത് അവരുടെ ധാരണയായി മാറുന്നത്.ക്ലാസുമുറിയില്‍ ഈ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് എങ്ങനെയെല്ലാമാണ് ലഭ്യമാകുന്നത്?

  1. ടീച്ചര്‍ കുട്ടികള്‍ക്കു മുന്നില്‍ ചെയ്തു കാണിക്കുന്ന പരീക്ഷണങ്ങളിലൂടെ
  2. കുട്ടികള്‍ സംഘം ചേര്‍ന്ന് ഈ പരീക്ഷണങ്ങള്‍ ചെയ്യുന്നതിലൂടെ
  3. കുട്ടികള്‍ സ്വന്തമായി ഉപകരണങ്ങള്‍ രൂപകല്പന ചെയ്ത് പരീക്ഷണങ്ങള്‍ ചെയ്യുന്നതിലൂടെ.
സാധാരണയായി ഒരു സയന്‍സ് ക്ലാസില്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്നത് ഒന്നാമത്തെ അനുഭവമാണ്.പരീക്ഷണങ്ങള്‍ ടീച്ചര്‍ ചെയ്തുകാണിക്കുന്നു.കുട്ടികള്‍ നീരീക്ഷിക്കുന്നു.നിഗമനങ്ങള്‍ രൂപപ്പെടുത്തുന്നു.ഏഴാം ക്ലാസിലെ ശാസ്ത്രപാഠപുസ്തകവും ഊന്നല്‍ നല്‍കുന്നത് ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ക്കാണ്.അതിലെ മിക്ക പരീക്ഷണങ്ങളും ടീച്ചറെ കേന്ദ്രീകരിച്ചുള്ളതാണ്. 

യു.പി.സ്ക്കൂളുകളിലെ ലബോറട്ടറികള്‍ ഇപ്പോഴും ശൈശവാവസ്ഥയില്‍ തന്നെയാണ്.ഒരു മൈക്രോസ്ക്കോപ്പുകൊണ്ടോ ഒന്നോരണ്ടോ സ്പിരിറ്റ് ലാംബ് കൊണ്ടോ അഞ്ചോ ആറോ പരീക്ഷണനാളികള്‍കൊണ്ടോ കുട്ടികള്‍ക്ക്  സംഘം ചേര്‍ന്ന് പരീക്ഷണങ്ങള്‍ ചെയ്യാന്‍ കഴിയില്ല.പുതിയ പാഠ്യപദ്ധതിക്ക് അനുസരണമായി ലബോറട്ടറികള്‍ പരിഷ്ക്കരിക്കപ്പെട്ടില്ല.അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക്  സ്വയം പരീക്ഷണങ്ങള്‍ ചെയ്യാനുള്ള അവസരം ഇന്ന് ക്ലാസുമുറികളില്‍ നിലവിലില്ല.

ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം പുല്ലൂര്‍ സ്ക്കൂളിലെ ഏഴാംക്ലാസുകാരുടെ സയന്‍സ് പഠനത്തെ നോക്കിക്കാണാന്‍.കുട്ടികള്‍ സ്വന്തമായി ഉപകരണങ്ങള്‍ രൂപകല്പന ചെയ്ത് പരീക്ഷണങ്ങള്‍ ചെയ്യുക എന്നത് ശാസ്ത്രപഠനത്തിന്റെ കേന്ദ്രസ്ഥാനത്ത് കുട്ടികളെ പ്രതിഷ്ഠിക്കലാണ്.അതോടെ ശാസ്ത്രപഠനത്തിന് പുതിയ മാനം കൈവരുന്നു.ശാസ്ത്രം എന്നത് കുട്ടികളുടെ പ്രയപ്പെട്ട വിഷയമായി മാറുന്നു.

നിര്‍മ്മാണം എന്നത്  കുട്ടികളുടെ ഭാവനയും സര്‍ഗ്ഗാത്മകതയുമായി ബന്ധപ്പെട്ട് കിടക്കുന്നു.എന്തെങ്കിലുമൊക്കെ നിര്‍മ്മിക്കുക എന്ന കുട്ടികളുടെ സഹജമായ താത്പര്യത്തെയാണ് ശാസ്ത്രക്ലാസില്‍ ടീച്ചര്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.ഉപകരണങ്ങള്‍ നിര്‍മ്മിക്കുക,അത് ഉപയോഗിച്ച് പരീക്ഷണങ്ങള്‍ ചെയ്യുക,അത് വീണ്ടും നവീകരിക്കുക തുടങ്ങിയ ശാസ്ത്രപഠനത്തിന്റെ രീതി കുട്ടികള്‍ സ്വായത്തമാക്കുന്നത് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ്.

അഭിജിത്ത് നിര്‍മ്മിച്ച ശ്വാസകോശത്തിന്റെ മാതൃക കാണുക.സാധാരണ കുട്ടകള്‍ നിര്‍മ്മിക്കുന്നതില്‍നിന്നും വ്യത്യസ്തമാണിത്.പ്ലാസ്റ്റിക്ക് കുപ്പിക്ക്  ഒരു കുട്ടിയുടെ രൂപ ഭാവങ്ങള്‍ നല്‍കിയിരിക്കുന്നു അവന്‍.നിര്‍മ്മാണത്തില്‍ തന്റെ ഭാവനാശേഷി അവന്‍ നന്നായി ഉപയോഗിച്ചിരിക്കുന്നു. 

ശാസ്ത്രീയ ധാരണകള്‍ കുട്ടികള്‍ എളുപ്പം സ്വാംശീകരിക്കുന്നത് അവര്‍തന്നെ ഉപകരണങ്ങള്‍ നിര്‍മ്മിച്ച് പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ്. മുന്നോക്കക്കാര്‍ക്കും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും  ഇത് ഒരുപോലെ  ഗുണകരമാകും.പഠനപിന്നോക്കാവസ്ഥ അനുഭവിക്കുന്ന കുട്ടികള്‍ക്ക് സയന്‍സ് കോണ്‍സപ്റ്റുകള്‍ രൂപീകരിക്കാന്‍ ഏറെ സഹായകമായിരിക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍.ഇത് പഠനത്തിന്റെ ഭാഗമാക്കിയതിനുശേഷം ടേം വിലയിരുത്തലുകളില്‍ കുട്ടികളുടെ ഗ്രേഡിങ്ങ് നിലവാരം ഉയര്‍ന്നതിന്റെ കൃത്യമായ കണക്കുകള്‍ ടീച്ചറുടെ പക്കലുണ്ട്.കുട്ടികളില്‍ ശാസ്ത്രവിഷയത്തില്‍  താത്പര്യം ജനിപ്പിക്കുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തന്നെയാണെന്നതില്‍ സംശയമില്ല.

ശാസ്ത്രപഠനക്ലാസില്‍ കുട്ടികള്‍ കേന്ദ്രസ്ഥാനത്ത് വരുന്നതെപ്പോഴാണെന്നും എങ്ങനെയാണെന്നും സീമ ടീച്ചറുടെ ക്ലാസ് നമുക്ക് കാണിച്ചു തരുന്നു.ഈ ഏഴാം ക്ലാസ് ഒരു ചൂണ്ടുപലകയാണ്.ഭാവിയിലെ ശാസ്ത്രപഠനക്ലാസ് എങ്ങനെയായിരിക്കണം എന്നതിലേക്കുള്ള ചൂണ്ടുപലക.


 

 




Wednesday, February 10, 2016

പുല്ലൂര്‍ സ്ക്കൂളില്‍ ഇനി സംഗീതപഠനവും


പ്രശസ്ത സംഗീത അധ്യാപകനായ ശ്രീ.വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ നേതൃത്വത്തില്‍ സ്ക്കൂളില്‍ സംഗീത പഠനക്ലാസ് ആരംഭിച്ചു.സംഗീത പഠനക്ലാസിന്റെ ഔപചാരികമായ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശാരദ എസ്.നായര്‍ നിര്‍വ്വഹിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സ്ക്കൂള്‍ ഡ്മാസ്റ്റ്ര്‍ ശ്രീ.വി.ഗോപി സ്വാഗതവും ശ്രീ.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.ചടങ്ങില്‍ ശ്രീ.വെള്ളിക്കോത്ത് വിഷ്ണുഭട്ടിനെ പൊന്നാട അണിയിച്ച് ആദരിച്ചു.നാല്‍പത് കുട്ടികള്‍ അടങ്ങുന്ന ഒരു ബാച്ചിനെയാണ് ആദ്യ ഘട്ടത്തില്‍ സംഗീതം അഭ്യസിപ്പിക്കുക.എല്ലാ ഞാറാഴ്ച ദിവസങ്ങളിലുമായിരിക്കും ക്ലാസ്.








Wednesday, February 3, 2016

എന്നെന്നും ഓര്‍ക്കാന്‍ ഒരു പഠനയാത്ര

വയനാട്,ഊട്ടി എന്നീ സ്ഥലങ്ങളായിരുന്നു ഇത്തവണത്തെ പഠനയാത്രയ്ക്കായി തെരഞ്ഞെയുത്തത്.ജനുവരി 22 ന് പുലര്‍ച്ചെ പുറപ്പെട്ട് 24 ന്  രാവിലെ തിരിച്ചെത്തി.46 കുട്ടികളും  6 ടീച്ചേര്‍സുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.വയനാട്ടിലെ കുറുവ ദ്വീപ്,ഇടയ്ക്കല്‍ ഗുഹ,താമരശ്ശേരി ചുരം,അന്താരാഷ്ട്ര പുഷ്പപ്രദര്‍നനഗരി എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.അന്ന് രാത്രി വയനാട്ടില്‍ തങ്ങി.പിറ്റേ ദിവസം ഊട്ടിയിലേക്ക് തിരിച്ചു.ഷൂട്ടിങ്ങ് പോയന്റ്,ഊട്ടി തടാകം, ടീ ഫാക്ടറി,ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.അന്നു രാത്രി മടങ്ങി.
യാത്ര പൂര്‍ണ്ണ വിജയമായിരുന്നു.കുട്ടികള്‍ നന്നായി ആസ്വദിച്ചു.കണ്ടു പഠിച്ചും ഒരോ സ്ഥലത്തെക്കുറിച്ചും ഡയറിയില്‍ കുറിച്ചും കുട്ടികള്‍ യാത്രയെ അവിസ്മരണിയമായ അനുഭവമാക്കി മാറ്റി.
പഠനയാത്രയുടെ ഏറ്റവും വലിയ നേട്ടം നടക്കാന്‍ പ്രയാസം നേരിടുന്ന അശ്വതി ഇടയ്ക്കല്‍ ഗുഹ കയറിയതാണ്.അത് ആ കുട്ടിയിലുണ്ടാക്കിയ ആത്മവിശ്വസം ചെറുതല്ല.

കുറുവ ദ്വീപ്










ഇടയ്ക്കല്‍  ഗുഹ









താമരശ്ശേരി ചുരം



അന്താരാഷ്ട്ര പുഷ്പപ്രദര്‍നനഗരി






ഷൂട്ടിങ്ങ് പോയന്റ്,






ഊട്ടി തടാകം





ടീ ഫാക്ടറി






ബോട്ടാണിക്കല്‍ ഗാര്‍ഡന്‍






പഠനയാത്രയുടെ ഏറ്റവും വലിയ നേട്ടം നടക്കാന്‍ പ്രയാസം നേരിടുന്ന അശ്വതി ഇടയ്ക്കല്‍ ഗുഹ കയറിയതാണ്.അത് ആ കുട്ടിയിലുണ്ടാക്കിയ ആത്മവിശ്വാസവും സന്തോഷവും ചെറുതല്ല.അവള്‍ക്ക് ശരിക്കും കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല.തരിച്ച് ബസ്സിലെത്തിയപ്പോള്‍ ടൂര്‍ ഓപ്പറേറ്റര്‍ ജീവന്റെ വക അവള്‍ക്കൊരു സമ്മാനവും...ചില അനര്‍ഘ നിമിഷങ്ങള്‍...