ജലം വിതാനം പാലിക്കുന്നു.അഞ്ചാം ക്ലാസുകാരുടെ ജലവുമായി ബന്ധപ്പെട്ട പരീക്ഷണം. കുട്ടികള്‍ ഉപകരണങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ചു.പരീക്ഷണം ചെയ്തു.നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിച്ചു.വീണ്ടും പരീക്ഷണം ചെയ്തു.ഇത്തവണ പരീക്ഷണം വിജയിച്ചു.
സ്ക്കൂള് പരിസരത്തെ ഏറ്റവും ചെറിയ ജീവിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആറാം ക്ലാസുകാര്‍.അവരുടെ ലെന്‍സ് വെട്ടത്തിലേക്ക് കടന്നുവന്ന ജീവികള്നിരവധി.ചിറകുള്ളവര്‍,ചിറകില്ലാത്തവര്‍,കറുത്തവര്‍,വെളുത്തവര്‍,അനേകം കാലുകളുള്ളവര്‍... “ഏറ്റവും ചെറുത് ഉറുമ്പുകളല്ല.ദാ..ഇതാണ്..”നന്ദകിഷോര്‍ കടുകുമണിയോളം പോന്ന ഒരു ജീവിയെ കൈവെള്ളയില്‍ വെച്ച് കൊണ്ടുവന്നു. “ഇതു ശരിക്കും കടുമണിതന്നെ.”അശ്വിനി പറഞ്ഞു. “ഇതിന്റെ പേരെന്താ?” ഞാന്‍ കൈമലര്‍ത്തി.അറിയില്ല. “ഇതിന്റെ പേരാണ് കടുമണിജീവി.”അഭിനവ് ഉറക്കെ വിളിച്ചു പറഞ്ഞു. കുട്ടികള്‍ കടുമണിജീവിയുടെ ചിത്രം നോട്ടുപുസ്തകത്തില്‍ വരച്ചു.എന്നിട്ട് ഒരു നിരീക്ഷണക്കുറിപ്പും എഴുതി.
ജൂലൈ 21.ചാന്ദ്രദിനത്തില്‍ സ്ക്കൂളില്‍ നടത്തിയ പ്രദര്‍ശനം കുട്ടികള്‍ക്ക് ഏറെ വിജ്ഞാനപ്രദമായിരുന്നു.ചാന്ദ്രയാത്രയുമായി ബന്ധപ്പെട്ട മനുഷ്യന്റെ ബഹിരാകാശ മുന്നേറ്റങ്ങളുടെ ചരിത്രം ചിത്രങ്ങള്‍ സഹിതം വിശദീകരിക്കുന്ന പാനലുകളും ഓരോ ക്ലാസിലെയും ബേസിക്ക് ഗ്രൂപ്പുകള്‍ തയ്യാറാക്കിയ ചാന്ദ്രദിന പത്രങ്ങളുമാണ് പ്രദര്‍ശിപ്പിച്ചത്. രാവിലെ ചേര്‍ന്ന അസംബ്ലിയില്‍ ആറാം ക്ലാസിലെ അനുഷയും സയന്‍സ് ക്ലബ്ബ് രക്ഷാധികാരി സീമ ടീച്ചറും ചാന്ദ്ര ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഉച്ചയ്ക്കുശേഷം നടന്ന ക്വസ് മത്സരം അവതരണത്തിന്റെ പുതുമ കൊണ്ട് ശ്രദ്ധേയമായി.ക്ലാസുതലത്തില്‍ നടന്ന ക്വിസ്സില്‍ നിന്നും തെരഞ്ഞെടുത്ത 21 കുട്ടികളെ മുന്നുവീതം പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ക്വിസ്.വൈവിധ്യമാര്‍ന്ന റൗണ്ടുകളിലൂടെ ഐ.ടിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു ക്വിസ്.സീമ ടീച്ചര്‍ ശ്രീലത ടീച്ചര്‍ എന്നിവര്‍ ക്വിസിന് നേത്യത്വം നല്കി.
വിദ്യാലയത്തിലെ സംഗീതപഠനം പുരോഗമിക്കുന്നു.പ്രശസ്ത സംഗീത അധ്യാപകനായ ശ്രീ.വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ നേതൃത്വത്തിലുള്ള സംഗീത ക്ലാസ് പുരോഗമിക്കുന്നു.എല്ലാ ശനിയാഴ്ചയുമാണ് ക്ലാസ്.
കുട്ടികള്‍ അവരുടെ സയന്‍സ് നോട്ടുപുസ്തകങ്ങള്‍ പരസ്പരം വിലയിരുത്തി നല്കിയ ഫീഡ് ബാക്കുകകള് നോക്കൂ..കൂട്ടുകാരുടെ നോട്ടുബുക്കിലെ തകരാറുകള്‍ പോസിറ്റീവ് ഫീഡ് ബാക്കുകകളിലൂടെ കുട്ടികള്‍ ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണെന്ന് പഠിക്കണം.അധ്യാപകര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയുമോ?
അഞ്ചാം ക്ലാസിലെ നന്ദന കൂട്ടുകാരി റെജിലയുടെ നോട്ടുപുസ്തകം വിലയിരുത്തി എഴുതി നല്കിയ കുറിപ്പ് ഇങ്ങനെയായിരുന്നു.. 'പ്രിയപ്പെട്ട കൂട്ടുകാരി റെജിലേ, നിന്റെ പുസ്തകം നല്ല വൃത്തിയുണ്ട്.നിന്റെ കൈയ്യക്ഷരം കുറച്ച് ഭംഗിയുണ്ട്. ഇനി മുതല്‍ നല്ല കൈയ്യക്ഷരത്തില്‍ എഴുതാന്‍ ശ്രമിക്കണം.അക്ഷരത്തെറ്റില്ലാതെ എഴുതണേ.പിന്നെ നല്ല ഭംഗിയില്‍ ചിത്രം വരയ്ക്കണം.ചിത്രം വരച്ചാല്‍ മാത്രം പോര.അതു വൃത്തിയില്‍ അടയാളപ്പെടുത്താന്‍ ശ്രമിക്കുക.നീ എല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ട്(എല്ലാ പ്രവര്‍ത്തനങ്ങളും).ഇപ്പോള്‍ സാരമില്ല.അടുത്ത പ്രാവശ്യം എല്ലാത്തിനും എ ഗ്രേഡ് വാങ്ങണം,കേട്ടോ..'
വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സാഹിത്യകാരനെ കുട്ടികള്‍ അടുത്തറിയണം എന്ന ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നു ഞങ്ങള്‍ ബഷീര്‍ ദിനം ആചരിച്ചത്.വിദ്യാലയത്തില്‍ ലഭ്യമായ ബഷീറിന്റെ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചു.ഓരോ ക്ലാസിലും ക്ലാസ് ടീച്ചര്‍ അദ്ദേഹത്തിന്റെ കഥകള്‍ പരിചയപ്പെടുത്തി.ഉച്ചയ്ക്ക് സ്ക്കൂളില്‍ നടന്ന ചടങ്ങില്‍ വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യരംഗം കലാസാഹിത്യവേദി തയ്യാറാക്കിയ പത്രം സ്ക്കൂള് ഹെഡ്മാസ്റ്റര് ശ്രീ.വി.ഗോപി പ്രകാശനം ചെയ്തു. സ്ക്കൂളിലെ അധ്യാപകനായ ശ്രീ.പി.ടി.രാജേഷ് ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.ഏഴാം ക്ലാസിലെ കുട്ടികള്‍ക്കായി ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി സിനിമ പ്രദര്‍ശിപ്പിച്ചു.
പതിവയ്ക്കലും ഗ്രാഫ്റ്റിങ്ങും ബഡ്ഢിങ്ങുമൊക്കെ ഈ ഏഴാം ക്ലാസുകാര്‍ക്ക് നന്നായി വഴങ്ങും.സയന്‍സ് ക്ലാസില്‍ ഇതിനുള്ള പ്രോയോഗിക പരിശീലനം കുട്ടികള്‍ നേടിക്കഴിഞ്ഞു.ഒരു വിദഗ്ധന്റേയും സഹായം ഇതിലവര്‍ക്ക് കിട്ടിയിട്ടില്ല.സയന്‍സ് ക്ലാസില്‍ ടീച്ചര്‍ കാണിച്ചുകൊടുത്ത ചില വീഡിയോകളാണ് കുട്ടികളെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്വയം ഏറ്റെടുത്ത് നടത്തുന്നതിലേക്ക് നയിച്ചത്.പിന്നീട് പലതവണ ചെയ്തുനോക്കി.പതിയെ കുട്ടികള്‍ ഇതില്‍ വിദഗ്ധരായി.സ്ക്കൂള് കോമ്പൗണ്ടിലെ നെല്ലിയിലും മാവിലും റോസിലുമൊക്കെയാണ് പരിക്ഷണം.ഗ്രാഫിറ്റിങ്ങ് ചെയ്യാന്‍ കുട്ടികള്‍ തന്നെ നാടന്‍ മാവിനങ്ങളും മറ്റും മുളപ്പിച്ച് തൈകളുണ്ടാക്കിയാണ് ചെയ്തത്. ഏഴാം ക്ലാസിലെ ഒന്നാം യൂണിറ്റായ 'മണ്ണില്‍ പൊന്നു വിളയിക്കാം' എന്ന പാഠത്തിലാണ് പതിവയ്ക്കലും ഗ്രാഫ്റ്റിങ്ങും ബഡ്ഢിങ്ങുമൊക്കെ കുട്ടികള്‍ക്ക് പഠിക്കാനുള്ളത്.ചെയ്ത കാര്യങ്ങള്‍ ചിത്രം വരച്ച് കുട്ടികള്‍ നോട്ട് ബുക്കില്‍ മനോഹരമായി രേഖപ്പെടുത്തുകയുണ്ടായി.