ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Sunday, August 20, 2017

മലയാളത്തില്‍ തിളങ്ങി ഈ കുട്ടികളും


ക്ലാസിലെ മറ്റു കുട്ടികളെപ്പോലെ തനിക്കും തെറ്റുകൂടാതെ മലയാളം എഴുതാനും വായിക്കാനും പഠിക്കണമെന്ന് ഏതു കുട്ടിക്കാണ് ആഗ്രഹമില്ലാതിരിക്കുക. അങ്ങനെ കഴിയാത്തതില്‍ അവന്‍‌ /അവള്‍ അനുഭവിക്കുന്ന പ്രയാസം വളരെ വലുതായിരിക്കും.ക്ലാസില്‍ അവരുടെ തിളക്കം മാഞ്ഞുപോയത് ആരുടെ കുറ്റം കൊണ്ടാണ്?ഈ കുട്ടികളുടെ കുറ്റമാണോ?അതോ അവരുടെ പഠനവേഗത പരിഗണിച്ചുകൊണ്ട് പഠിപ്പിക്കാന്‍ കഴിയാത്ത അധ്യാപകരുടെ കുറ്റമോ?

മലയാളത്തിളക്കം എന്ന എസ്.എസ്.എ യുടെ പരിപാടി നൈതികമായ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
നല്ല ആലോചനയിലൂടേയും നിരവധി ട്രൈ ഔട്ടുകളിലൂടേയും രൂപപ്പെടുത്തിയ അതിന്റെ  പ്രവര്‍ത്തനപദ്ധതി ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും അന്വേഷിക്കുന്നു.പിന്നോക്കക്കാരനെന്നു മുദ്രകുത്തി ക്ലാസിന്റെ ഓരങ്ങളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ട അവനെ /അവളെ ക്ലസിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയും.അവര്‍ക്കാവശ്യമായ പരിഗണന കൊടുത്താല്‍;അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറായാല്‍;അവര്‍ തന്നെ ഭാഷയെ നിര്‍മ്മിച്ചെടുത്താല്‍;തെറ്റുകള്‍ തിരിച്ചറിയാനും സ്വയം തിരുത്താനുമുള്ള ശീലം വളര്‍ത്തിയാല്‍;നഷ്ടപ്പെട്ട അവരുടെ ആത്മവിശ്വാസം വീണ്ടെടുത്താല്‍…
കുറ്റം കുട്ടിയുടേതല്ല….


 ബേക്കല്‍ ബി.ആര്‍.സി.യില്‍ നിന്നുള്ള അഞ്ചുപേരടങ്ങിയ ഒരു സംഘമായിരുന്നു ഞങ്ങളുടെ വിദ്യാലയത്തില്‍ ആഗസ്ത്  10മുതല്‍ 16 വരെ നീണ്ടുനിന്ന മലയാളത്തിളക്കം പരിപാടിക്ക് നേതൃത്വം നല്‍കിയത്.രാധാകൃഷ്ണന്‍,ദിലീപ്,ശശി,ശ്രീകല,പ്രത്യൂഷ എന്നിവരായിരുന്നു സംഘത്തില്‍.ആകെയുള്ള 27കുട്ടികളെ രണ്ടു ബാച്ചുകളാക്കിക്കൊണ്ടായിരുന്നു ക്ലാസ്.ക്ലാസിലേക്കു വരാന്‍ ആദ്യം മടിച്ച പല കുട്ടികളും ഒന്നാം ദിവസം കഴിഞ്ഞപ്പോള്‍ തന്നെ നാളെയും ക്ലാസുവേണം എന്നു പറയാന്‍ തുടങ്ങിരുന്നു.


 കുട്ടികളെ ഇങ്ങനെ ആകര്‍ഷിക്കാന്‍ മാത്രം എന്തൊക്കെയായിരുന്നു ക്ലാസിന്റെ പ്രത്യേകതകള്‍?
  • ഒരോ കുട്ടിയെയും പ്രത്യകം പരിഗണിച്ചുകൊണ്ടുള്ള പഠനരീതി
  • കളിയും  അഭിനയവും ചിത്രംവരയുമൊക്കെ അടങ്ങിയ multisensory  പ്രവര്‍ത്തനങ്ങള്‍
  • ശരിയായ ചോദ്യങ്ങളിലുടെ കുട്ടികളുടെ മനസ്സിനെ തൊട്ടുണര്‍ത്തി  പാഠം നിര്‍മ്മിച്ചെടുക്കുന്നരീതി.
  • തെറ്റുകള്‍ സ്വയം കണ്ടെത്തുന്നതിലേക്കും  മാതൃകകള്‍ നോക്കി തിരുത്തുന്നതിലേക്കും കുട്ടികളെ നയിക്കല്‍
  • ഓരോ ഘട്ടത്തിലും കുട്ടികള്‍ക്ക് നല്‍കുന്ന പിന്തുണയും പ്രോത്സാഹനവും 

ആകെ നാലു ദിവസമായിരുന്നു ക്ലാസെടുത്തത്.ഒന്നാം ദിവസംതന്നെ പല കുട്ടികളിലും പുരോഗതി കണ്ടുതുടങ്ങിയിരുന്നു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടികള്‍ തെറ്റുകള്‍ പതുക്കെ ഒഴിവാക്കികൊണ്ട് എഴുത്തുഭാഷയെ വരുതിയിലാക്കുന്നത് കാണാമായിരുന്നു.അവരില്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചു.എഴുതാനും വായിക്കാനുള്ള താതപര്യം കൂടി.കുട്ടികള്‍ തെറ്റുകൂടാതെ എഴുതുയത് ക്ലാസ്സ് നിരീക്ഷിക്കുകയായിരുന്ന അവരുടെ ടീച്ചര്‍മാരെ  അഭിമാനത്തോടെ കാണിച്ചുകൊടുത്തു.

നല്ല തയ്യാറെടുപ്പോടെയായിരുന്നു ആര്‍.പി.മാര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തത്.ഓരോ ദിവസത്തേയും വിശദമായ ടീച്ചിംഗ് മാന്വല്‍, കുട്ടികളെ പഠനപുരോഗതി രേഖപ്പെടുത്താനുള്ള രേഖ, പ്രത്യകം തയ്യാറാക്കിയ ഹാജര്‍ പട്ടിക,ചാര്‍ട്ടില്‍ വലുതായി വരച്ചെടുത്ത ചിത്രങ്ങള്‍,ആവശ്യമായ ഡിജിറ്റല്‍ മെറ്റീരിയലുകള്‍…

 മൂന്നാം ദിവസം നടത്തിയ ക്ലാസ് പിടിഎ യോഗത്തില്‍ വന്ന രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ തെറ്റുകൂടാതെ എഴുതുന്നതും വായിക്കുന്നതും നേരിട്ടുകാണാന്‍ കഴി‍‍ഞ്ഞു.സന്തോഷം പലരും പലരും സ്വകാര്യമായി കണ്ണു തുടയ്ക്കുന്നതു കണ്ടു..

1994ല്‍ കാസര്‍ഗോഡ് ഡയറ്റിന്റെ  നേതൃത്വത്തില്‍ നടത്തിയ അക്ഷരപ്പുലരി ഓര്‍മ്മ വരുന്നു.തുടര്‍ന്ന് പരിഹോരബോധനത്തിനായുള്ള നിരവധി പ്രോഗ്രാമുകള്‍..ഒടുവിലത്തേത്ത് രണ്ടുവര്‍ഷം മുന്നേ നടത്തിയ സാക്ഷരം...അക്ഷരത്തിലൂന്നിക്കൊണ്ടുള്ള പഴഞ്ചന്‍ ബോധനരീതിയായിരുന്നു ഈ പ്രോഗ്രാമുകളൊക്കെ അവലംബിച്ചത്. അതുകൊണ്ടുതന്നെ ഇത്തരം പരിപാടികള്‍ക്കൊന്നും കുട്ടികളില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ മലയാളത്തിളക്കം ‍ജ്ഞാനനിര്‍മ്മിതിയിലാണ് ഊന്നുന്നത്.കുട്ടികള്‍ ഭാഷ സ്വയം നിര്‍മ്മിച്ചെടുക്കുന്നു.നിര്‍മ്മിച്ച ഭാഷ സ്വയം എഡിറ്റുചെയ്യുന്നു.തെറ്റുതിരുത്തുന്നു.ഈ രിതിയില്‍ പഠിക്കുന്ന കുട്ടിക്ക് ഭാഷയെ വരുതിയിലാക്കാന്‍ കഴിയും.സംശയമില്ല.



നാലുദിവസംകൊണ്ടുമാത്രം എല്ലാകുട്ടികളും ഭാഷതെറ്റുകൂടാതെ എഴുതാനും വായിക്കാനും പഠിക്കും എന്നൊന്നുംകരുതാന്‍ കഴിയില്ല.പക്ഷേ ഇതുതന്നെയാണ് വഴി എന്നു ചൂണ്ടിക്കാണിക്കാന്‍ ഈ പരിപാടിക്ക് കഴിഞ്ഞു.
അവസാന ദിവസം നടത്തിയ SRGയോഗത്തില്‍ ഈ പരിപാടിയുടെ വിജയത്തെ ശരിയായ രീതിയില്‍ വിലയിരുത്താന്‍ കഴിഞ്ഞു.ഇതിന്റെ തുടര്‍ച്ച എങ്ങനെ ഉറപ്പുവരുത്താം എന്ന ആലോചനയുണ്ടായി.തൊട്ടടുത്ത ദിവസം മുതല്‍ക്കു തന്നെ  സ്ക്കൂളിലെ അധ്യാപികമാരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ തുടരാനും സെപ്തംബര്‍മാസം അവസാനത്തോടെ ക്ലാസുകള്‍ പൂര്‍ത്തിയാക്കാനും ധാരണയായി.



മലയാളത്തിളക്കം ഒരു സന്ദേശം മുന്നോട്ടു വയ്ക്കുന്നുണ്ട്.
എല്ലാകുട്ടികളേയും മലയാളഭാഷാപഠനത്തില്‍ മിടുക്കരാക്കാം…
കുട്ടികളുടെ പഠനവേഗത പരിഗണിച്ചുകൊണ്ട് പഠിപ്പിച്ചാല്‍;
അവരുടെ പറച്ചിലുകള്‍ക്ക് ചെവികൊടുത്താല്‍;
അവരില്‍ ആത്മവിശ്വാസം അങ്കുരിപ്പിച്ചാല്‍;
തെറ്റുകള്‍ സ്വയം തിരിത്തുന്നതിലേക്ക് കുട്ടികളെ നയിച്ചാല്‍..
തീര്‍ച്ചയായും ഈ കുട്ടികളും പഠനത്തില്‍ മിടുക്കരാകും..









No comments:

Post a Comment